ഹാവൂ, സധാമാനം

കാത്തിരുന്ന് കാത്തിരുന്ന് കാത്തിരുന്ന് ……. ഒടുവില്‍ അവധിയിതാ വന്നെത്തി! ഇങ്ങെത്തിക്കഴിഞ്ഞപ്പോള്‍.. ഓഹ് വല്യ രസമൊന്നുമില്ല. ആ കാത്തിരിപ്പിനു പിന്നേം ഒരു സുഖമുണ്ടായിരുന്നു.

പരൂക്ഷ
10 കൊല്ലം പഠിച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ +1 മൊത്തം ഉഴപ്പി രസിക്കാമെന്ന് ദിവാസ്വപ്നം കണ്ട് നടക്കുമ്പോഴാണ് “പതിനൊന്നാം ക്ലാസിലും പൊതുപരീക്ഷ” എന്ന ബേബിച്ചന്റെ തീരുമാനം ഇടിത്തീയായി തലയില്‍ വന്ന് വീണത്. മഹാ അലമ്പത്തരമായിപ്പോയി 😦 എന്തൊക്കെയായാലും എന്റെ അവസാന നിമിഷപ്പഠിത്തത്തിന് ഇത്തവണയും മാറ്റമുണ്ടായില്ല. 10 വരെ ഇപ്പരിപാടി വിജയകരമായി നടത്തിപ്പോരുന്നതാണ്, പിന്നെന്താ +1-ലും ആയാല്? പരീക്ഷക്ക് അഞ്ചാറ് ദിവസങ്ങള്‍ മുമ്പ് എന്റെ പുസ്തകങ്ങള്‍ ആദ്യമായി വെളിച്ചം കണ്ടു. എന്നാല്‍ സംഗതി പിശകാണെന്ന് വൈകാതെ മനസിലായി. ഒന്നും തലയില്‍ക്കയറുന്നില്ല. പാഠങ്ങള്‍ മുന്നോട്ട് നീങ്ങുന്നില്ല. ഇനിയെത്ര പേജുണ്ടെന്ന് നോക്കിനോക്കി കുറേ സമയവും പോയി. രക്ഷയില്ലെന്ന് കണ്ടപ്പോള്‍ പിന്നെ ദൈവത്തെ(ങ്ങളെ) പ്രീതിപ്പെടുത്താനുള്ള ശ്രമമായി. ഓരോ പരീക്ഷക്കും പോകും മുമ്പ് വിക്കി ദൈവങ്ങള്‍ക്ക് ഓരോ ലേഖനങ്ങള്‍ കാണിക്കയര്‍പ്പിച്ചു. ഫ്രീ സോഫ്റ്റ് ദൈവത്തിനായി ഒരു ഗ്നോം ട്രാന്‍സ്ലേഷന്‍ ഫയലുടച്ചു.

കണ്ട ദൈവങ്ങളേയെല്ലാം മനസില്‍ ധ്യാനിച്ച് ആദ്യ പരീക്ഷക്കെത്തി‍. ചോദ്യ പേപ്പര്‍ കയ്യില്‍ കിട്ടിയപ്പോള്‍ തന്നെ അര-മുക്കാല്‍ ജീവനും പോയി. ദെന്തൂട്ടാ ഈ എഴുതി വച്ചരിക്കണേ? അറബിയോ? കുറേനേരം എന്തെക്കെയോ കുത്തിക്കുറിച്ച് ഇങ്ങറിപ്പോന്നു. മറ്റു പരീക്ഷകളിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. എന്റെ സ്വന്തം വിഷയമായി കണക്കാക്കിയിരുന്ന കമ്പ്യൂട്ടര്‍ സയന്‍സു പോലും വിചാരിച്ചത്ര സുഖകരമായില്ല. പിന്നേ ആകെയുള്ള ആശ്വാസം ഒരു റീടെസ്റ്റ് ഉണ്ടായേക്കാമെന്നതാണ്. ഇമ്പ്രൂവ്മെന്റേ ശരണം!!!

പറഞ്ഞു വന്നതിന്റെ ചുരുക്കും ഇങ്ങനെ, പരീക്ഷയെല്ലാം മഹാ കുളമായിരുന്നു. റിസല്‍റ്റ് വരുമ്പോള്‍ ദയവായി ആരും “ഗ്രേഡെത്രെയാ? മാര്‍ക്കെത്രെയാ?” ആദിയായ ചോദ്യങ്ങളൊന്നും ചോദിക്കരുത്. ആകെപ്പാടെ ദൈവങ്ങളുടെ ക്വാട്ടയായ പാതി മാത്രമേ കാണൂ. എന്റെ പാതി ഗോവിന്ദ!

അവധിക്കാലകലാപപരിപാടികള്‍
പ്ലാനുകള്‍ കുറേയുണ്ട്. പക്ഷെ ഒന്നും ഇവിടെപ്പറയുന്നില്ല. ഒന്നും നടപ്പിലാക്കാമെന്ന് പ്രതീക്ഷയില്ലാത്തതുകൊണ്ടു തന്നെ. എന്നാല്‍ ഒരു തീരുമാനം മാത്രം ഭഗീരതന്റപ്പറത്തെ പ്രയത്നം നടത്തിയാണെങ്കില്‍ക്കൂടെ ഞാന്‍ നടത്തിയിരിക്കും.

“ഈ വരുന്ന ജൂണ്‍ ഒന്നിനു സൂര്യന്‍ പടിഞ്ഞാറന്‍ ചക്രവാളത്തിലേക്ക് മയങ്ങിവീഴും മുമ്പ് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 10000 തികഞ്ഞിരിക്കും. ഇത് സത്യം! സത്യം! സത്യം!”

ഡയലോഗ് എപ്പടി? തകര്‍പ്പനല്ലേ?

Advertisements

ഫ്ലിക്കനഭി 1.0

വിക്കനഭിക്കും സ്വമകനഭിക്കും ബ്ലോഗനഭിക്കും ശേഷം എന്റെ പുതിയ അവതാരമിതാ, ഫ്ലിക്കനഭി!

ഞാനും ക്യാമറയും
അല്പം ചരിത്രത്തോടെ തുടങ്ങാം. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ ഒരു കൊഡാക് ഫിലിം ക്യാമറ വാങ്ങിയപ്പോളാണ് ആദ്യമായി ഒരു പടം പിടിയനെ ഞാന്‍ കൈ കൊണ്ട് തൊടുന്നത്. 32 പടം-പരിധി, ഫിലിം വാഷിങ്, ആല്‍ബമുണ്ടാക്കല്‍ അങ്ങനെ നൂലാമാലകള്‍ പലതുള്ള വസ്തുവായതിനാല്‍ അതിന്മേല്‍ കാര്യമായി പണിഞ്ഞില്ല, അഥവാ വീട്ടുകാര്‍ സമ്മതിച്ചില്ല. അങ്ങനെയിരിക്കെ സ്റ്റേറ്റ്സിലുള്ള അങ്കിള്‍ വഴി ഒരു കാനണ്‍ പവര്‍ഷോട്ട് എ85 കൈവന്നു. അല്പം പുരാതനമായിരുന്നു വസ്തുവെങ്കിലും എനിക്കത് നിധി കിട്ടിയ പോലെയായിരുന്നു. ഞാന്‍ കണ്ണില്‍ കണ്ടതിന്റെയും കാണാത്തതിന്റെയുമെല്ലാം പടവുമെടുക്കാന്‍ തുടങ്ങി. പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ, ആറ് മാസത്തിനുള്ളില്‍ പുള്ളി വീരചരമം പ്രാപിച്ചു 😦

പുത്തന്‍ ക്യാമറ
എ85-ന്റെ ചിതയിലെ കനലുകളണയും മുമ്പെ ഞാന്‍ പുത്തന്‍ ക്യാമറക്കായി മുറവിളി തുടങ്ങി. ഭീകരവും അസഹനീയവുമായ എന്റെ സമരമുറകള്‍ക്ക് മുമ്പില്‍ വീട്ടുകാര്‍ കീഴടങ്ങി. അങ്ങനെ ജനുവരി 6-ന് അവനെത്തി. ഒളിമ്പസ് എഫ്.ഇ. 370. അത്യാവേശത്തോടെ ഞാന്‍ പടമെടുപ്പ് പുനരാരംഭിച്ചു. അതിന്റെയും ഇതിന്റെയുമെല്ലാം പടമെടുത്ത് മലയാളം വിക്കിപീഡിയയിലിട്ടു. “എന്‍സൈക്ലോപ്പീഡിക് വാല്യുവില്ലാ”-ന്ന് പറഞ്ഞ് അഡ്മിന്‍സ് എന്റെ പടങ്ങളുടെ മേല്‍ കത്രിക വക്കാനുള്ള സാധ്യതകള്‍ മണത്തപ്പോള്‍ ഞാന്‍ പയ്യെ ഫ്ലിക്കറിലേക്ക് കുടിയേറി.

എന്തുകൊണ്ട് ഫ്ലിക്കര്‍
പൊതുവെ ഒരു ഗൂഗിള്‍ ആരാധകനായ എനിക്ക് ഈയടുത്തായി രണ്ട് ഗൂഗിള്‍ ഉത്പന്നങ്ങളെ നിരാകരിക്കേണ്ടി വന്നു. ബ്ലോഗറും (അതിന്റെ കാരണം പിന്നെ പറയാം) പിന്നെ പിക്കാസയും. ആദ്യം പിക്കാസയിലാണ് പയറ്റി നോക്കിയതെങ്കിലും അവിടുത്തെ അന്തരീക്ഷം അത്ര പിടിച്ചില്ല. പടങ്ങള്‍ പെറുക്കിവകാനുള്ള ഒരു റെപ്പോസിറ്ററിയുടെ ഫീലാണതിന്. ഒരുപക്ഷെ അതുതന്നെയാവാം ഗൂഗിള്‍ ഉദ്ദേശിച്ചിരിക്കുന്നതും. എന്നാല്‍, പടം പിടുത്തതില്‍ താത്പര്യമുള്ളതുതിനാലും തുടക്കകാരനായതിനാലും പുലികളുടെ കമന്റുകളും നിര്‍ദ്ദേശങ്ങളും എനിക്ക് വിലയേറിയതാണ്. അത് ഫ്ലിക്കറില്‍ കിട്ടും. അങ്ങനെ ഇക്കഴിഞ്ഞ ഫെബ്രുവരി 22-ന് ഞാന്‍ ഫ്ലിക്കറിലെത്തി. എന്നെ ശരിക്കും അതിശയിപ്പിക്കുന്ന പ്രതികരണമാണ് ഫ്ലിക്കന്മാരില്‍നിന്ന് (പ്രത്യേകിച്ചും മലയാളി ഫ്ലിക്കന്മാരില്‍ നിന്ന്) ഉണ്ടായത്. ഞാന്‍ ഹാപ്പിയായി, പടമെടുപ്പ് ശക്തിയായി തുടരാനുള്ള പ്രചോദനവുമായി. പടങ്ങള്‍ കാണുകയും കമന്റിടുകയും ചെയ്ത ഏവര്‍ക്കും നന്ദി.

അപ്പഴേ, ദേ ഇതാണു എന്റെ ഫോട്ടോസ്ട്രീം. വേഗം കണ്ടാസ്വദിച്ച് രണ്ട് കമന്റിട്ടാട്ടെ. ചില പടങ്ങള്‍ ബ്ലോഗിന്റെ സൈഡില്‍ കാണുന്ന ഫ്ലിക്കറ് പെട്ടില്‍ കാണാം.

കുറിപ്പ്: ഇന്റര്‍നെറ്റ് ലോകത്തില്‍ സര്‍വാധിപത്യം സ്ഥാപിക്കാനുള്ള എന്റെ മഹായജ്ഞത്തിന്റെ ഭാഗമാണിതും. അടുത്ത പടയോട്ടം നിങ്ങളുടെ സ്വന്തം തട്ടകത്തിലേക്കാകാം, ജാഗ്രതൈ!!!