മലയാളവും വിക്കിപീഡിയയും പിന്നെ പതിനായിരം ലേഖനങ്ങളും

മലയാളം വിക്കിപീഡീയയിൽ 10000 ലേഖനങ്ങൾ

എന്റെ ചെറിയൊരു കലാപരിപാടി 🙂

ജൂണ്‍ 1, 2009. ണിം!…. ഇന്ത്യയിലെ മണിയടിക്കുന്ന ക്ലോക്കുകളെല്ലാം മണി ഒന്നടിച്ചു. രാത്രിയുടെ നിശബ്ദതയില്‍ മലയാളം വിക്കിപീഡിയയിലെ പതിനായിരാമത്തെ ലേഖനം പിറന്നു!

എന്റെ ദൃഢപ്രതിജ്ഞ
അത് ഞാന്‍ നിറവേറ്റി. ജൂണ്‍ 1-ന് സൂര്യനസ്തമിക്കും മുമ്പെ മലയാളം വിക്കിപീഡിയയില്‍ 10000 ലേഖനങ്ങള്‍ എന്ന പ്രതിജ്ഞ, അന്ന് സൂര്യനുദിക്കും മുമ്പ് തന്നെ നടപ്പിലാക്കി. അവസാന ദിവസത്തെ മാരത്തണ്‍ ലേഖനമെഴുത്തില്‍ പങ്കെടുത്ത ഏവര്‍ക്കും പ്രത്യേക നന്ദി 🙂

പതിനായിരാമത്തെ ലേഖനം
10000-ആമത്തെ ലേക്ഖനം. അതെന്റെ ജന്മാവകാശമാണ് (!) അത് ഞാന്‍ മറ്റാര്‍ക്കെങ്കിലും വിട്ട് കൊടുക്കുമെന്ന് കരുതിയോ? ഹാ! അത് ഞാന്‍ തന്നെ തുടങ്ങി – 10000 (സംഖ്യ) എന്ന ലേഖനം, ഇതല്ല പതിനായിരാമത്തെ ലേഖനം എന്ന് ആരേലും പറഞ്ഞാല്‍ നല്ല ഇടി കിട്ടും, ങ്ഹാ. ചുമ്മാ 🙂 ആരെഴുതിയാലെന്ത്, നേട്ടം കൈവരിച്ചു എന്നതാണ് പ്രധാനം. അതിലേക്ക് നയിച്ചത് വിക്കി സമൂഹത്തിന്റെ അക്ഷീണ പ്രയത്നം ഒന്നുമാത്രം.

അഭിമാനിക്കാനേറെ
മറ്റ് വിക്കിപീഡിയകളില്‍ നിന്ന് നമ്മുടെ വിക്കിയെ വ്യത്യസ്ഥമാക്കുന്ന പല ഘടകങ്ങളുണ്ട്. പ്രത്യേകിച്ചും മറ്റ് ഇന്ത്യന്‍ വിക്കികളുമായി താരമമ്യം ചെയ്യുമ്പോള്‍. ഒരു വിക്കിപീഡിയ എത്രമാത്രം പുതുക്കപ്പെടുന്നു, അത് എത്രമാത്രം സജീവമാണ് തുടങ്ങിയയുടെ ഏകകമായ പേജ് ഡെപ്ത് നമ്മുടെ വിക്കിയില്‍ വളരെ ഉയരത്തില്‍ 150-ല്‍ എത്തി നില്‍ക്കുന്നു. പേജ് ഡെപ്തിന്റെ കാര്യത്തില്‍,  കുറഞ്ഞത് പതിനായിരം ലേഖനങ്ങളെങ്കിലുമുള്ള വിക്കിപീഡിയകളില്‍ നാം ഇംഗ്ലീഷിനും ഹീബ്രുവിനും പിന്നിലായി മൂന്നാം സ്ഥാനത്താണ്. ലേഖനങ്ങളുടെ എണ്ണത്തേക്കാളുപരി അവയുടെ ഗുണമേന്മക്ക് നാം എല്ലായ്പോഴും കൊടുത്ത പ്രാധാന്യമാണ് ഈ നേട്ടത്തിലേക്ക് വഴിതെളിച്ചത്. കൂടാതെ, ലേഖനങ്ങളുടെ ശരാശരി വലിപ്പം, ലേഖനത്തിലെ ശരാശരി തിരുത്തലുകള്‍, ഉപയോക്താക്കളുടെ എണ്ണം, ചിത്രങ്ങളുടെ എണ്ണം തുടങ്ങിയ കാര്യങ്ങളിലും നാം വളരെയേറെ മുന്നിട്ട് നില്‍ക്കുന്നു.

ഇനി നേടാനേറെ
പല മേഖലകളിലും മലയാളം വിക്കിപീഡീയ ഇനിയും വളരെയധികം  മുന്നോട്ട് പോകാനുണ്ട്. പതിനായിരം ലേഖനങ്ങളും അത്യുത്തമമാണെന്നൊന്നും അവകാശപ്പെടാന്‍ നമുക്കാവില്ല. നിര്‍ജീവമായ വിക്കി സഹോദര സംരംഭങ്ങള്‍ മറ്റൊരു പ്രശ്നം. ഇതെല്ലാം പരിഹരിക്കാന്‍ ആദ്യം വേണ്ടത് ബൃഹത്തായ ഒരു വിക്കിസമൂഹമാണ്. ഇപ്പോഴത്തെ ഈ നേട്ടം കൂടുതല്‍ ആളുകളെ വിക്കിയിലേക്ക് ആകര്‍ഷിക്കാന്‍ ഇടയാകുമെന്ന് പ്രതീക്ഷിക്കാം.

പ്രണാമം
“മലയാള ഭാഷ മരിക്കുന്നു” എന്ന് പറഞ്ഞ് പലരും വിലപിക്കുന്നു. എന്നാല്‍, ഭാഷയുടെ പുനരുദ്ധാരണത്തിനു വേണ്ടി അവരില്‍ പലരും ഒരു ചെറു വിരല്‍ പോലും അനക്കുന്നില്ല എന്നതാണ് വാസ്തവം. ഒന്നെനിക്കറിയാം – മലയാളം വിക്കിപീഡിയയില്‍ എഴുതപ്പെടുന്ന ഓരോ ലേഖനങ്ങളും ഓരോ തിരുത്തലുകളും നമ്മുടെ മാതൃഭാഷക്ക് അമൂല്യമായ മുതല്‍ക്കൂട്ടുകളാണ്. എല്ലാ വിക്കിപീഡിയര്‍ക്കും എന്റെ പ്രണാമം.

Advertisements