മിഷന്‍ സ്കൂളിലെ ഒന്നാം സ്വാതന്ത്ര്യസമരം

സുഹൃത്തുക്കളേ,

ലോകം മുഴുവന്‍ സോഫ്റ്റ്വെയര്‍ സ്വാതന്ത്ര്യം ആഘോഷിക്കുന്ന ഈ വേളയില്‍ നിങ്ങളുടെ മുന്നില്‍ ഒരു കൊച്ചുകഥ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു കദനകഥ. ആ കഥയുടെ പേരാണ്…… “മിഷന്‍ സ്കൂളിലെ ഒന്നാം സ്വാതന്ത്ര്യ സമരം!” ഛില്‍..(സിംബലടിച്ചതാ).

ദാ അവിടേക്കു നോക്കൂ, ശാന്തസുന്ദരമായ പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ആ ചെങ്കോട്ട കണ്ടോ? അതാണ് മിഷ്യന്‍ സ്കൂള്‍ എന്ന ബാസല്‍ ഇവാഞ്ചലിക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. നൂറ്റമ്പത് വര്‍ഷത്തെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനത്തിലൂടെ അനേക മഹദ്‌വ്യക്തികളെ വാര്‍ത്തെടുത്ത സരസ്വതീക്ഷേത്രം. അതിനു പിറകിലായി ആരോ പെട്ടി വരച്ചു കളിച്ചതുപോലുള്ള ഒരു വൃത്തികെട്ട കെട്ടിടം കണ്ടോ?

സ്കൂളിന്റെ ഹയര്‍ സെക്കണ്ടറി വിങ്ങ്. അവിടെയാണ് നമ്മുടെ കഥ നടക്കുന്നത്. അതാ അവിടെ, സുന്ദരനും സുമുഖനുമായ ഒരു യുവാവ്, നമ്മുടെ കഥാനായകന്‍, ക്ലാസില്‍ സുഖമായിരുന്ന് ഉറക്കംതൂങ്ങുന്നു…….

ഹ്മ്മ്, കഥാപ്രസംഗിച്ചോണ്ടിരുന്നാല്‍ ഇത് ഈയടുത്തൊന്നും എഴുതിത്തീരൂല്ല. കാഥികവേഷം തല്‍ക്കാലം മാറ്റിവെക്കുന്നു. കാര്യത്തിലേക്ക്….

അഞ്ചാറ് മാസം മുമ്പ്, ഒരു കെമിസ്ട്രി ക്ലാസിലിരുന്ന് ഉറക്കം തൂങ്ങുമ്പോഴാണ് ആ ചിന്ത എന്റെ മനസിലേക്ക് വന്നത്. സ്കൂള്‍ ലാബിലെ കമ്പ്യൂട്ടറുകളിലെല്ലാം ഒരു സ്വതന്ത്രവല്‍ക്കരണം നടത്തിയാലോ? പിന്നെ വൈകിയില്ല, ഉടനെത്തന്നെ കാര്യം സ്കൂളിലെ കമ്പ്യൂട്ടര്‍ പുലികളായ ഇര്‍ഷാദിനേയും ജെസ്സെയേയും അറിയിച്ചു. കാര്യം പറഞ്ഞ് തീരും മുമ്പേ രണ്ടാളും റെഡി. ഗുരുവായ സെല്‍വിന്‍ സാറിന്റെ മുന്നില്‍ വിഷയം അവതരിപ്പിച്ചു. സാർ തലകുലുക്കി. അങ്ങനെ അടുത്തദിവസം തന്നെ ലാബിലെ സിസ്റ്റങ്ങളിലെല്ലാം ഗ്നു/ലിനക്സ് ഒ.എസ്. ഇന്‍സ്റ്റോള്‍ ചെയ്യാന്‍ തീരുമാനിച്ചു. സുലഭവും സൗകര്യപ്രദവുമായ ഫ്രീ ഒ.എസ്. എന്ന നിലയിൽ ഉബുണ്ടുവിനു നറുക്കുവീണു. അങ്ങനെ ഞങ്ങള്‍ ഉബണ്ടുഫിക്കേഷനും സ്വപ്നം കണ്ട് അടുത്ത പകലിനായി കാത്തിരുന്നു.

വന്‍ തയ്യാറെടുപ്പുകളോടെയാണ് പിറ്റേന്ന് സ്കൂളിലെത്തിയത്. രണ്ട് ഉബുണ്ടു 8.10 സിഡി. അതുംപോരാഞ്ഞ് UNetbootin വച്ച് രണ്ട് പെന്‍ഡ്രൈവും ഉബുണ്ടു ബൂട്ടബിളാക്കി. പത്തിരുപത് കമ്പ്യൂട്ടറുള്ളതല്ലിയോ? പെട്ടെന്ന് പണി തീര്‍ക്കേണ്ടായോ? സ്കൂളില്‍ (വര്‍ക്ക് ചെയ്യുന്ന) സിഡി ഡ്രൈവുകളൊന്നുപോലുമില്ലാത്തതിനാല്‍ വീട്ടിലുള്ളതൊരെണ്ണം ഇളക്കിപ്പറിച്ചോണ്ട് പോയി.

ഇര്‍ഷാദ് – വിന്‍ഡോസില്‍ 😀

ക്ലാസ് കട്ടടിച്ച് ഞങ്ങള്‍ ആവേശത്തോടെ പണി തുടങ്ങി. ആദ്യം പെന്‍ഡ്രൈവ് വച്ച് ലൈവ് ബൂട്ട് ബൂട്ട് പരീക്ഷിച്ചു നോക്കി. തുടക്കത്തിൽത്തന്നെ തന്നെ കല്ലുകടി. ഡെക്സ്റ്റോപ്പ് ബാക്ക്ഗ്രൗണ്ട് വരെയെത്തി സംഭവം ഹാങ്ങായി. ഒന്നൊന്നൊര മണിക്കൂര്‍ കുന്തം ലോഡ് ചെയ്യുമെന്ന പ്രതീക്ഷയിലിരുന്നു. രക്ഷയില്ല. ആ പോട്ട്, ലൈവിന്റെ പ്രശ്നമാകും. മറ്റേ പെന്‍ഡ്രൈവ് ഇട്ട് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമം നടത്തി. ങൂഹൂ, ഇന്‍സ്റ്റളേഷന്‍ സ്ക്രീനില്‍ നിന്ന് ഒരടി മുന്നോട്ട് നീങ്ങിയില്ല. മനസില്‍ പൊങ്ങിവന്ന പരാജയഭീതി അടക്കി ധൈര്യസമേതം ഞങ്ങള്‍ തുടര്‍ന്നു. പെന്‍ഡ്രൈവ് ബൂട്ടബിളാക്കിയപ്പോള്‍ എന്തെങ്കിലും പ്രശ്നം ഉണ്ടായതാവാം. ഇനി സിഡി വച്ച് പരീക്ഷിക്കാം.

സിഡി ഡ്രൈവ് കണക്ട് ചെയ്യാനായി കാബിനെറ്റ് പൊളിക്കാന്‍ തുടങ്ങിയപ്പോള്‍ അടുത്ത മൊട. സ്ക്രൂഡ്രൈവറില്ല! ഓഫീസില്‍ ചോദിച്ചപ്പോല്‍ ഉത്തരം നഹി. ഒരു സ്ക്രൂഡ്രൈവറുപോലുമില്ലാത്ത സ്കൂളോ? കഷ്ടം. അതും തപ്പി കുറേ അലഞ്ഞു. ഒടുക്കം ഹൈസ്കൂള്‍ ലാബില്‍ നിന്ന് ഒരെണ്ണം ഒപ്പിച്ചു.

കാബിന്‍ തല്ലിപ്പൊളിക്കുന്ന ഞാന്‍

അതുവെച്ച് കാബിന്‍ തുറന്നു കഴിഞ്ഞപ്പോള്‍ പിന്നേം കല്ലുകടി. അതില്‍ ഐഡിഇ കേബിളില്ല 😦 കാബിനുകള്‍ ഓരോരോന്നായി അഴിച്ചുതപ്പി നോക്കി. അഞ്ചാറെണ്ണം പൊളിച്ച് കഴിഞ്ഞപ്പോള്‍ കേബിളൊരെണ്ണം കിട്ടി. അങ്ങനെ, സിഡി ഇട്ട് ബൂട്ടി നോക്കി. ഫലം തഥൈവ! ഇൻസ്റ്റളേഷൻ സ്ക്രീൻ വന്ന് ഉടക്കി നിൽക്കുന്നു.

ഒടുവില്‍ പത്തൊമ്പതാമത്തെ അടവും പ്രയോഗിച്ചു. വിന്‍ഡോസിനകത്തുനിന്ന് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഒരു ശ്രമം. അദ്ഭുതം! സംഭവം ഇന്‍സ്റ്റോളായി! അദ്ഭുതത്തിന് ആയുസധികമുണ്ടായില്ല. ബൂട്ടിങ് ഡെസ്ക്ടോപ് ബാക്ക്ഗ്രൗണ്ട് വരെയെത്തിയപ്പോള്‍… ബാക്കി ഞാന്‍ പറയേണ്ടല്ലോ 😦

ഞങ്ങളാകെ തകർന്നു പോയി. ഉച്ചക്കത്തെ ചോറുപോലുമുപേക്ഷിച്ച് മെനക്കെട്ടതാണ്. ഒരു ചുക്കും നടന്നില്ല. “സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ പാത കല്ലും മുള്ളും നിറഞ്ഞതാണ്” എന്ന് ആരോ എപ്പഴോ പറഞ്ഞ വാക്കുകള്‍ ഞങ്ങളുടെ മനസില്‍ അലയടിച്ചു.

തോറ്റിട്ടില്ലാ, തോറ്റിട്ടില്ലാ..
ഒന്നില്‍ പിഴച്ചാല്‍ മൂന്നെന്നാണ് പ്രമാണം. ഇതങ്ങനെ വിട്ടു കളയാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല. ഈ സോഫ്റ്റ്വെയര്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഞങ്ങളിതാ പ്രതിജ്ഞ ചെയ്യുന്നു “ഈ വിദ്യാലയത്തിന്റെ പടികള്‍ അവസാനമായിറങ്ങും മുമ്പ് ലാബിലെ എല്ലാ കമ്പ്യൂട്ടറുകളേയും ഞങ്ങള്‍ സ്വതന്ത്രമാക്കും. ഇത് സത്യം3!!!”

അഭിപ്രായം പ്ലീസ്
ലാബിലെ കമ്പ്യൂട്ടറുകളില്‍ മെമ്മറി കുറവായതാണ് പരാജയകാരണമെന്ന് കരുതുന്നു. അടുത്ത തവണ അതു പ്രശ്നമാകരുത്. അതിനാല്‍ ലോ കോണ്‍ഫിഗറേഷനില്‍ വര്‍ക്ക് ചെയ്യുന്നതും അതേസമയം യൂസര്‍ ഫ്രണ്ട്‌ലിയും സ്കൂള്‍ ഉപയോഗത്തിന് അനുയോജ്യവും വിന്‍ഡോസ് അഡിക്റ്റിസിനെ ചാക്കിട്ടുവാരാന്‍ പറ്റിയ അത്യാവശ്യം ചില ചെപ്പടി വിദ്യകളുമുള്ള ഒരു ഗ്നു/ലിനക്സ് ഒ.എസ്. ഏതെന്ന് കുറിപ്പടി തന്നാല്‍ വളരെ ഉപകാരം.

തത്കാലം നിര്‍ത്തുന്നു. കാത്തിരിക്കുക, ഒരു വിജയ കഥക്കായി. മിഷ്യന്‍ സ്കൂളിലെ രണ്ടാം സ്വാതന്ത്ര്യ സമരം!

എല്ലാവര്‍ക്കും സോഫ്റ്റ്വെയര്‍ സ്വാതന്ത്ര്യദിനാശംസകള്‍!!!

Advertisements