ഒരു ഡിറ്റക്റ്റീവ് കഥ അഥവാ ഇന്റർനെറ്റ് എന്ന മഹാസംഭവം

ആനയും ചേനയും എന്നപോലുള്ള പരസ്പരബന്ധമില്ലാത്ത തലക്കെട്ട് കണ്ട് ഞെട്ടേണ്ട. ബഷീറിനേപ്പോലെ ഒരു പരീക്ഷണം നടത്തി നോക്കിയതാണ്. “പാത്തുമ്മയുടെ ആട് അഥവാ പെണ്ണുങ്ങളുടെ ബുദ്ധി” എന്നപോലെ. മൊത്തം വായിച്ചുകഴിയുമ്പോൾ തലക്കെട്ടിലെ ഔചിത്യം പിടികിട്ടും – എന്ന് പ്രതീക്ഷിക്കുന്നു. അപ്പോൾ തുടങ്ങട്ടെ…

ഞങ്ങള്‍ കുടുംബമായി എറണാകുളത്ത് നിന്ന് പാലക്കാട്ട് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. വൈകുന്നേര-രാത്രി ശാപ്പാടിനായി ഒരു ഹോട്ടലില്‍ കയറി. ഭക്ഷണം കഴിഞ്ഞ് കാറിനടുത്തെത്തിയപ്പോള്‍ രൗദ്ര ഭാവത്തില്‍ നില്‍ക്കുന്നൂ ചേട്ടന്‍: “നിന്റെ കയ്യില്‍ ക്യാമറ തന്നവനേ പറഞ്ഞാമതി, അവിടെമിവിടെം കൊണ്ട്പോയി കളഞ്ഞോളും.” എന്റെ കയ്യിലിരുന്ന ക്യാമറ ചേട്ടന് കാറിനരികിലായി താഴെക്കിടന്ന് കിട്ടിയത്രേ. ഹെന്ത്! ഞാന്‍ പൊന്നു പോലെ സൂക്ഷിക്കുന്ന എന്റെ ക്യാമറ..ഞാന്‍ വഴിയില്‍ കളഞ്ഞെന്നോ? പോക്കറ്റില്‍ നിന്ന് അറിയാതെ താഴെവീണതാകും. എങ്കിലും?…

യാത്ര തുടര്‍ന്നു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഒരു ശങ്ക. വീഴ്ചയില്‍ ക്യാമറക്ക് വല്ലതും പറ്റിയോ? ബാഗില്‍ നിന്ന് ക്യാമറ എടുത്തുനോക്കി. അത് കയ്യിലെടുത്തതും തെച്ചിക്കോലുകൊണ്ട് ഉണ്ണിയെയുണ്ടാക്കിക്കൊടുത്ത് പൂതം പറ്റിച്ചതറിഞ്ഞ നങ്ങേലിയേപ്പോലെ ഞാനലറി “ഇതെന്റെ ഉണ്ണിയല്ല!” ഛായ്, “ഇതെന്റെ ക്യാമറയല്ല!“
എല്ലാവരും ക്യാമറവാങ്ങി തിരിച്ചും മറിച്ചും നോക്കി. സംഗതി ശരിയാണ്. ക്യാമറ മാറിപ്പോയി. ഞങ്ങളുടെത് ഒളിമ്പസ് എഫ്.ഇ. 370 മോഡലാണ്. കയ്യിലിരിക്കുന്നത് എഫ്.ഇ. 320. ബാഗെല്ലാം തുറന്ന് നോക്കിയപ്പോൾ അതിലൊന്നിൽ ഞങ്ങളുടെ എഫ്.ഇ. 370 കഥയൊന്നുമറിയാതെ സുഖനിദ്രയിലാണ്!

പുരാതന പൗച്ചുകൾ :)

പുരാതന പൗച്ചുകൾ 🙂

ഒളിമ്പസിന്റെ കോമ്പാക്റ്റ് ക്യാമറകൾക്കെല്ലാം പ്രാചീനകാലത്തെ പണസഞ്ചി പോലിരിക്കുന്ന ഒരു പൗച്ചാണുള്ളത്. കാറിനരികിലായി സംഭവം കിടക്കുന്നത് കണ്ടപ്പോൾ ചേട്ടൻ മറ്റൊന്നും ആലോചിക്കാതെ എടുത്ത് ബാഗിലിട്ടു. അതാണ് സംഭവിച്ചത്.

അപ്പോഴേക്കും ക്യാമറ കിട്ടിയിടത്തുനിന്നും ഞങ്ങൾ വളരെയധികം ദൂരെയെത്തിക്കഴിഞ്ഞിരുന്നു. ഇനി എന്ത് ചെയ്യും? ആ ഹോട്ടലിൽ കൊണ്ട് കൊടുത്താൽ ക്യാമറയുടെ യഥാർത്ഥ ഉടമസ്ഥൻ പിന്നെ അതിന്റെ പൊടിപോലും കാണില്ലെന്നതുറപ്പ്. പോലീസിലേല്പ്പിച്ചാലോ? മലയാളികൾക്ക് പോലീസിനോട് സ്വതവേയുള്ള വിശ്വാസക്കുറവ് ആ ചിന്തയിൽനിന്നും ഞങ്ങളെ തത്കാലത്തേക്ക് പിന്തിരിപ്പിച്ചു. പിന്നെന്തുചെയ്യും?

വീട്ടിലെത്തിയശേഷം ക്യാമറയിലുണ്ടായിരുന്ന പടങ്ങളെല്ലാം പരിശോധിച്ചു. ഒരു കുടുംബത്തിന്റെ കുറേ പടങ്ങൾ, പിന്നെ കുറേ ആടും ഒരു കാളക്കൂറ്റനും. ഇതിൽനിന്ന് ഉടമസ്ഥനെക്കിട്ടാൻ വല്ല വഴിയുമുണ്ടോ? സിനിമകളിൽ കാണുമ്പോലെ പൊലീസ് ഡാറ്റാബേസിൽ കടന്നുകയറി ഫേഷ്യൽ റെകഗ്നിഷൻ വച്ച് ആളേത്തപ്പിയാലോ എന്നുവരെ ചിന്തകൾ കാടുകയറി. പടങ്ങൽ ഒരിക്കൽക്കൂടി പരതിനോക്കി. പെട്ടെന്നൊരുപടം ശ്രദ്ധയില്പ്പെട്ടു. ഒരു കാറിന്റെ മുന്നിൽനിന്നെടുത്ത പടം. സൂം ചെയ്തുനോക്കി. വണ്ടിയുടെ റെജിസ്റ്റർ നമ്പർ വ്യക്തമായിക്കാണാം!!

തുമ്പ് 🙂

ഞങ്ങൾക്കെല്ലാം ജമ്പന് തുമ്പ് കിട്ടിയ ആവേശം! ആർ.ടി.ഒ. ഓഫീസിൽ നമ്പറും കൊണ്ട് ചെന്നാൽ ആളേക്കിട്ടും. പക്ഷെ, ചുമ്മാ ആരെങ്കിലും കേറിച്ചെന്ന് ചോദിച്ചാൽ അവർ…?

സംശയം തീർക്കാൻ വണ്ടികുതന്ത്രങ്ങളിൽ വിദഗ്ദനായ ഒരു സുഹൃത്തിനെ വിളിച്ച് ചോദിച്ചു. അപ്പോഴാണറിയുന്നത് വണ്ടി നമ്പർ വച്ച് ആളെത്തപ്പാൻ നെറ്റിൽത്തന്നെ സൗകര്യമുണ്ടെന്ന്.

ഗൂഗിളിൽ “vehicle registration number, search, kerala” എന്നൊക്കെത്തപ്പി http://www.keralamvd.gov.in/ സൈറ്റിൽ എത്തിപ്പെട്ടു. വെഹിക്കിൾ ഡീറ്റെയ്‌ൽസ് സേർച്ച് എടുത്തു നോക്കിയപ്പോൾ അതിൽ ചാസിസ് നമ്പറെന്നൊക്കെ പറഞ്ഞ് എന്തൊക്കെയോ ചോദിക്കുന്നു. ഭാഗ്യത്തിന് റെജിസ്റ്റർ നമ്പർ കൊടുത്തപ്പോൾത്തന്നെ റിസൽറ്റ് വന്നു.

അഡ്രസും ഫോൺനമ്പരുമൊക്കെ പ്രതീക്ഷിച്ചെങ്കിലും ആകെക്കിട്ടിയത് ഉടമയുടെ പേരും സ്ഥലവും മാത്രം 😦 സിജു. ജി. നായർ, ചേർത്തല. ഇതുകൊണ്ട് എന്ത് ചെയ്യാനാ? ഗൂഗിളിൽ തപ്പിനോക്കിയെങ്കിലും ഒന്നും കിട്ടിയില്ല. പെട്ടെന്ന് ഇന്ത്യയുടെ ദേശീയ സോഷ്യൽ നെറ്റ്വർക്ക് മനസിലേക്കെത്തി. അതെ, ഓർക്കൂട്ട് തന്നെ. അതിൽ അക്കൗണ്ട് ഇല്ലാത്തവരായി ഈ ഇന്ത്യാ മഹാരാജ്യത്ത് അധികമാരും കാണില്ല. പേരും സ്ഥലവും വച്ച് ഓർക്കൂട്ടിൽ തപ്പി. പെട്ടെന്നുതന്നെ ആളേക്കിട്ടി

പക്ഷെ, പ്രൊഫൈലിൽ കണ്ട മുഖം ക്യാമറയിലെ പടങ്ങളിൽ എവിടെയുമില്ല 😦 അന്വേഷണത്തിന്റെ ത്രില്ല് പെട്ടെന്ന് കെട്ടടങ്ങി. ക്യാമറയുടെ ഉടമ വണ്ടി വാടകക്കെടുത്തതതാകുമോ? അതോ വാഹനവകുപ്പുകാർ സൈറ്റ് അപ്ഡേറ്റ് ചെയ്യാത്തതാണോ? വഴിമുട്ടിയെന്ന് കരുതിയിരുന്നപ്പോഴാണ് സിജു നായരുടെ ഓർക്കൂട്ട് ആൽബത്തിൽ ക്യാമറയിൽ കണ്ട ഒരു മുഖം ശ്രദ്ധിച്ചത്.
“with my brother” എന്നാണ് ക്യാപ്ഷൻ! പക്ഷെ ബ്രദറിന്റെ പേരില്ല. വീണ്ടും ബൾബ് മിന്നി. പുള്ളിക്കാരന്റെ ഫ്രണ്ട്സ് ലിസ്റ്റിൽ “nair” എന്നൊരു സേർച്ച്. ഉടമയിതാ മുന്നിൽ! ബിജു. ജി. നായർ!

പ്രൊഫൈലിൽ കണ്ട നമ്പറിൽ വിളിച്ചെങ്കിലും ആളെ കിട്ടിയില്ല. “ക്യാമറ പോയോ” എന്നു ചോദിച്ച് ഒരു മെസേജയച്ചു. മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹം തിരിച്ച്‌വിളിച്ചു. അടുത്തദിവസം തന്നെ ബിജുവേട്ടൻ കുടുംബമായി ഞങ്ങളുടെ വീട്ടിലെത്തി. ഒരിക്കലും തിരികെക്കിട്ടിലെന്ന് കരുതിയ ക്യാമറ കിട്ടിയ അദ്ഭുതത്തിലായിരുന്നു അവർ. ആളെ തപ്പിപ്പിടിച്ച കഥ പറഞ്ഞപ്പോൾ കൂടുതൽ അദ്ഭുതം! ഗുരുവായൂരിൽ മകളുടെ ചോറൂണ് നടത്താൻ പോയ പടങ്ങളാണ് ക്യാമറയിൽ. അവർക്ക് ക്യാമറയേക്കാൾ വിലപ്പെട്ട ചിത്രങ്ങൾ വീണ്ടുകിട്ടിയതിൽ വളരെ സന്തോഷം.  അന്വേഷണം വിജയകരമായി പൂർത്തീകരിച്ച സന്തോഷം ഞങ്ങൾക്ക് . അങ്ങനെ ഡിക്റ്ററ്റീവ് കഥക്ക് ശുഭപര്യവസാനം 🙂

അനന്തരഫലങ്ങൾ
ഇത്രയും നാൾ ഓർക്കൂട്ട് വിരോധിയായിരുന്ന ഞാൻ അതിലൊരു അക്കൗണ്ട് തുടങ്ങി. ക്യാമറയെങ്ങാനും

കളഞ്ഞ് പോയാലോ?

അതും പോരാഞ്ഞ് ഞാനെന്റെ പേരും ഊരും ഈമെയിൽ ഐഡിയുമെല്ലാം ഒരു പേപ്പറിലെഴുതി അതിന്റെ പടമെടുത്തു. ക്യാമറയുടെ ഇന്റേണൽ മെമ്മെറിയിലും കാർഡിലും

കയറ്റി പ്രൊട്ടക്റ്റ് ചെയ്ത് വച്ചു. ക്യാമറ കളഞ്ഞ് പോയാൽ കിട്ടുന്നയാൾ ഉടമയേത്തപ്പാൻ കഷ്ടപ്പെടേണ്ട. എന്നേപ്പോലുള്ള മഹാമനസ്കരുടെ കയ്യിൽക്കിട്ടിയാലേ ഇതൊക്കെ മടക്കിക്കിട്ടൂ എന്നത് മറ്റൊരു കാര്യം 😀

ഇന്നുരാവിലെ ബ്ലോഗ് പോസ്റ്റ് ചെയ്യാൻ തുടങ്ങുമ്പോഴാണ് അച്ഛനെ ഒരു സുഹൃത്ത് വിളിച്ചത്. മാതൃഭൂമി ആലപ്പുഴ എഡിഷനിൽ ഈ സംഭവത്തിന്റെ ന്യൂസ് വന്നിട്ടുണ്ടെന്ന്! ഓൺലൈൻ എഡിഷനിലുമുണ്ട് വാർത്ത. സംഗതി കൊള്ളാം!

ഈ ഇന്റർനെറ്റ് ഒരു മഹാ സംഭവം തന്നെ!

Advertisements