ഒരു ഡിറ്റക്റ്റീവ് കഥ അഥവാ ഇന്റർനെറ്റ് എന്ന മഹാസംഭവം

ആനയും ചേനയും എന്നപോലുള്ള പരസ്പരബന്ധമില്ലാത്ത തലക്കെട്ട് കണ്ട് ഞെട്ടേണ്ട. ബഷീറിനേപ്പോലെ ഒരു പരീക്ഷണം നടത്തി നോക്കിയതാണ്. “പാത്തുമ്മയുടെ ആട് അഥവാ പെണ്ണുങ്ങളുടെ ബുദ്ധി” എന്നപോലെ. മൊത്തം വായിച്ചുകഴിയുമ്പോൾ തലക്കെട്ടിലെ ഔചിത്യം പിടികിട്ടും – എന്ന് പ്രതീക്ഷിക്കുന്നു. അപ്പോൾ തുടങ്ങട്ടെ…

ഞങ്ങള്‍ കുടുംബമായി എറണാകുളത്ത് നിന്ന് പാലക്കാട്ട് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. വൈകുന്നേര-രാത്രി ശാപ്പാടിനായി ഒരു ഹോട്ടലില്‍ കയറി. ഭക്ഷണം കഴിഞ്ഞ് കാറിനടുത്തെത്തിയപ്പോള്‍ രൗദ്ര ഭാവത്തില്‍ നില്‍ക്കുന്നൂ ചേട്ടന്‍: “നിന്റെ കയ്യില്‍ ക്യാമറ തന്നവനേ പറഞ്ഞാമതി, അവിടെമിവിടെം കൊണ്ട്പോയി കളഞ്ഞോളും.” എന്റെ കയ്യിലിരുന്ന ക്യാമറ ചേട്ടന് കാറിനരികിലായി താഴെക്കിടന്ന് കിട്ടിയത്രേ. ഹെന്ത്! ഞാന്‍ പൊന്നു പോലെ സൂക്ഷിക്കുന്ന എന്റെ ക്യാമറ..ഞാന്‍ വഴിയില്‍ കളഞ്ഞെന്നോ? പോക്കറ്റില്‍ നിന്ന് അറിയാതെ താഴെവീണതാകും. എങ്കിലും?…

യാത്ര തുടര്‍ന്നു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഒരു ശങ്ക. വീഴ്ചയില്‍ ക്യാമറക്ക് വല്ലതും പറ്റിയോ? ബാഗില്‍ നിന്ന് ക്യാമറ എടുത്തുനോക്കി. അത് കയ്യിലെടുത്തതും തെച്ചിക്കോലുകൊണ്ട് ഉണ്ണിയെയുണ്ടാക്കിക്കൊടുത്ത് പൂതം പറ്റിച്ചതറിഞ്ഞ നങ്ങേലിയേപ്പോലെ ഞാനലറി “ഇതെന്റെ ഉണ്ണിയല്ല!” ഛായ്, “ഇതെന്റെ ക്യാമറയല്ല!“
എല്ലാവരും ക്യാമറവാങ്ങി തിരിച്ചും മറിച്ചും നോക്കി. സംഗതി ശരിയാണ്. ക്യാമറ മാറിപ്പോയി. ഞങ്ങളുടെത് ഒളിമ്പസ് എഫ്.ഇ. 370 മോഡലാണ്. കയ്യിലിരിക്കുന്നത് എഫ്.ഇ. 320. ബാഗെല്ലാം തുറന്ന് നോക്കിയപ്പോൾ അതിലൊന്നിൽ ഞങ്ങളുടെ എഫ്.ഇ. 370 കഥയൊന്നുമറിയാതെ സുഖനിദ്രയിലാണ്!

പുരാതന പൗച്ചുകൾ :)

പുരാതന പൗച്ചുകൾ 🙂

ഒളിമ്പസിന്റെ കോമ്പാക്റ്റ് ക്യാമറകൾക്കെല്ലാം പ്രാചീനകാലത്തെ പണസഞ്ചി പോലിരിക്കുന്ന ഒരു പൗച്ചാണുള്ളത്. കാറിനരികിലായി സംഭവം കിടക്കുന്നത് കണ്ടപ്പോൾ ചേട്ടൻ മറ്റൊന്നും ആലോചിക്കാതെ എടുത്ത് ബാഗിലിട്ടു. അതാണ് സംഭവിച്ചത്.

അപ്പോഴേക്കും ക്യാമറ കിട്ടിയിടത്തുനിന്നും ഞങ്ങൾ വളരെയധികം ദൂരെയെത്തിക്കഴിഞ്ഞിരുന്നു. ഇനി എന്ത് ചെയ്യും? ആ ഹോട്ടലിൽ കൊണ്ട് കൊടുത്താൽ ക്യാമറയുടെ യഥാർത്ഥ ഉടമസ്ഥൻ പിന്നെ അതിന്റെ പൊടിപോലും കാണില്ലെന്നതുറപ്പ്. പോലീസിലേല്പ്പിച്ചാലോ? മലയാളികൾക്ക് പോലീസിനോട് സ്വതവേയുള്ള വിശ്വാസക്കുറവ് ആ ചിന്തയിൽനിന്നും ഞങ്ങളെ തത്കാലത്തേക്ക് പിന്തിരിപ്പിച്ചു. പിന്നെന്തുചെയ്യും?

വീട്ടിലെത്തിയശേഷം ക്യാമറയിലുണ്ടായിരുന്ന പടങ്ങളെല്ലാം പരിശോധിച്ചു. ഒരു കുടുംബത്തിന്റെ കുറേ പടങ്ങൾ, പിന്നെ കുറേ ആടും ഒരു കാളക്കൂറ്റനും. ഇതിൽനിന്ന് ഉടമസ്ഥനെക്കിട്ടാൻ വല്ല വഴിയുമുണ്ടോ? സിനിമകളിൽ കാണുമ്പോലെ പൊലീസ് ഡാറ്റാബേസിൽ കടന്നുകയറി ഫേഷ്യൽ റെകഗ്നിഷൻ വച്ച് ആളേത്തപ്പിയാലോ എന്നുവരെ ചിന്തകൾ കാടുകയറി. പടങ്ങൽ ഒരിക്കൽക്കൂടി പരതിനോക്കി. പെട്ടെന്നൊരുപടം ശ്രദ്ധയില്പ്പെട്ടു. ഒരു കാറിന്റെ മുന്നിൽനിന്നെടുത്ത പടം. സൂം ചെയ്തുനോക്കി. വണ്ടിയുടെ റെജിസ്റ്റർ നമ്പർ വ്യക്തമായിക്കാണാം!!

തുമ്പ് 🙂

ഞങ്ങൾക്കെല്ലാം ജമ്പന് തുമ്പ് കിട്ടിയ ആവേശം! ആർ.ടി.ഒ. ഓഫീസിൽ നമ്പറും കൊണ്ട് ചെന്നാൽ ആളേക്കിട്ടും. പക്ഷെ, ചുമ്മാ ആരെങ്കിലും കേറിച്ചെന്ന് ചോദിച്ചാൽ അവർ…?

സംശയം തീർക്കാൻ വണ്ടികുതന്ത്രങ്ങളിൽ വിദഗ്ദനായ ഒരു സുഹൃത്തിനെ വിളിച്ച് ചോദിച്ചു. അപ്പോഴാണറിയുന്നത് വണ്ടി നമ്പർ വച്ച് ആളെത്തപ്പാൻ നെറ്റിൽത്തന്നെ സൗകര്യമുണ്ടെന്ന്.

ഗൂഗിളിൽ “vehicle registration number, search, kerala” എന്നൊക്കെത്തപ്പി http://www.keralamvd.gov.in/ സൈറ്റിൽ എത്തിപ്പെട്ടു. വെഹിക്കിൾ ഡീറ്റെയ്‌ൽസ് സേർച്ച് എടുത്തു നോക്കിയപ്പോൾ അതിൽ ചാസിസ് നമ്പറെന്നൊക്കെ പറഞ്ഞ് എന്തൊക്കെയോ ചോദിക്കുന്നു. ഭാഗ്യത്തിന് റെജിസ്റ്റർ നമ്പർ കൊടുത്തപ്പോൾത്തന്നെ റിസൽറ്റ് വന്നു.

അഡ്രസും ഫോൺനമ്പരുമൊക്കെ പ്രതീക്ഷിച്ചെങ്കിലും ആകെക്കിട്ടിയത് ഉടമയുടെ പേരും സ്ഥലവും മാത്രം 😦 സിജു. ജി. നായർ, ചേർത്തല. ഇതുകൊണ്ട് എന്ത് ചെയ്യാനാ? ഗൂഗിളിൽ തപ്പിനോക്കിയെങ്കിലും ഒന്നും കിട്ടിയില്ല. പെട്ടെന്ന് ഇന്ത്യയുടെ ദേശീയ സോഷ്യൽ നെറ്റ്വർക്ക് മനസിലേക്കെത്തി. അതെ, ഓർക്കൂട്ട് തന്നെ. അതിൽ അക്കൗണ്ട് ഇല്ലാത്തവരായി ഈ ഇന്ത്യാ മഹാരാജ്യത്ത് അധികമാരും കാണില്ല. പേരും സ്ഥലവും വച്ച് ഓർക്കൂട്ടിൽ തപ്പി. പെട്ടെന്നുതന്നെ ആളേക്കിട്ടി

പക്ഷെ, പ്രൊഫൈലിൽ കണ്ട മുഖം ക്യാമറയിലെ പടങ്ങളിൽ എവിടെയുമില്ല 😦 അന്വേഷണത്തിന്റെ ത്രില്ല് പെട്ടെന്ന് കെട്ടടങ്ങി. ക്യാമറയുടെ ഉടമ വണ്ടി വാടകക്കെടുത്തതതാകുമോ? അതോ വാഹനവകുപ്പുകാർ സൈറ്റ് അപ്ഡേറ്റ് ചെയ്യാത്തതാണോ? വഴിമുട്ടിയെന്ന് കരുതിയിരുന്നപ്പോഴാണ് സിജു നായരുടെ ഓർക്കൂട്ട് ആൽബത്തിൽ ക്യാമറയിൽ കണ്ട ഒരു മുഖം ശ്രദ്ധിച്ചത്.
“with my brother” എന്നാണ് ക്യാപ്ഷൻ! പക്ഷെ ബ്രദറിന്റെ പേരില്ല. വീണ്ടും ബൾബ് മിന്നി. പുള്ളിക്കാരന്റെ ഫ്രണ്ട്സ് ലിസ്റ്റിൽ “nair” എന്നൊരു സേർച്ച്. ഉടമയിതാ മുന്നിൽ! ബിജു. ജി. നായർ!

പ്രൊഫൈലിൽ കണ്ട നമ്പറിൽ വിളിച്ചെങ്കിലും ആളെ കിട്ടിയില്ല. “ക്യാമറ പോയോ” എന്നു ചോദിച്ച് ഒരു മെസേജയച്ചു. മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹം തിരിച്ച്‌വിളിച്ചു. അടുത്തദിവസം തന്നെ ബിജുവേട്ടൻ കുടുംബമായി ഞങ്ങളുടെ വീട്ടിലെത്തി. ഒരിക്കലും തിരികെക്കിട്ടിലെന്ന് കരുതിയ ക്യാമറ കിട്ടിയ അദ്ഭുതത്തിലായിരുന്നു അവർ. ആളെ തപ്പിപ്പിടിച്ച കഥ പറഞ്ഞപ്പോൾ കൂടുതൽ അദ്ഭുതം! ഗുരുവായൂരിൽ മകളുടെ ചോറൂണ് നടത്താൻ പോയ പടങ്ങളാണ് ക്യാമറയിൽ. അവർക്ക് ക്യാമറയേക്കാൾ വിലപ്പെട്ട ചിത്രങ്ങൾ വീണ്ടുകിട്ടിയതിൽ വളരെ സന്തോഷം.  അന്വേഷണം വിജയകരമായി പൂർത്തീകരിച്ച സന്തോഷം ഞങ്ങൾക്ക് . അങ്ങനെ ഡിക്റ്ററ്റീവ് കഥക്ക് ശുഭപര്യവസാനം 🙂

അനന്തരഫലങ്ങൾ
ഇത്രയും നാൾ ഓർക്കൂട്ട് വിരോധിയായിരുന്ന ഞാൻ അതിലൊരു അക്കൗണ്ട് തുടങ്ങി. ക്യാമറയെങ്ങാനും

കളഞ്ഞ് പോയാലോ?

അതും പോരാഞ്ഞ് ഞാനെന്റെ പേരും ഊരും ഈമെയിൽ ഐഡിയുമെല്ലാം ഒരു പേപ്പറിലെഴുതി അതിന്റെ പടമെടുത്തു. ക്യാമറയുടെ ഇന്റേണൽ മെമ്മെറിയിലും കാർഡിലും

കയറ്റി പ്രൊട്ടക്റ്റ് ചെയ്ത് വച്ചു. ക്യാമറ കളഞ്ഞ് പോയാൽ കിട്ടുന്നയാൾ ഉടമയേത്തപ്പാൻ കഷ്ടപ്പെടേണ്ട. എന്നേപ്പോലുള്ള മഹാമനസ്കരുടെ കയ്യിൽക്കിട്ടിയാലേ ഇതൊക്കെ മടക്കിക്കിട്ടൂ എന്നത് മറ്റൊരു കാര്യം 😀

ഇന്നുരാവിലെ ബ്ലോഗ് പോസ്റ്റ് ചെയ്യാൻ തുടങ്ങുമ്പോഴാണ് അച്ഛനെ ഒരു സുഹൃത്ത് വിളിച്ചത്. മാതൃഭൂമി ആലപ്പുഴ എഡിഷനിൽ ഈ സംഭവത്തിന്റെ ന്യൂസ് വന്നിട്ടുണ്ടെന്ന്! ഓൺലൈൻ എഡിഷനിലുമുണ്ട് വാർത്ത. സംഗതി കൊള്ളാം!

ഈ ഇന്റർനെറ്റ് ഒരു മഹാ സംഭവം തന്നെ!

Advertisements

The URI to TrackBack this entry is: https://wikkanabhi.wordpress.com/2010/02/06/a-detective-story/trackback/

RSS feed for comments on this post.

20അഭിപ്രായങ്ങള്‍ഒരു അഭിപ്രായം ഇടൂ

 1. സംഭവം കൊള്ളാല്ലോ 😀 . പ്ക്ഷെ ക്യാമറ കളഞ്ഞുപോയാല്‍ തിരികെ കിട്ടും എന്ന് എനിക്കൊരു വിശ്വാസവുമില്ല 😀

 2. സംഭവം കൊള്ളാം . അവരുടെ ക്യാമറയിലെ ചിത്രങ്ങളും, കാര്‍ നമ്പറും, ഓര്‍ക്കട്ട് പ്രൊഫൈലിലേക്കുള്ള ലിങ്കുമൊക്കെ ബ്ലോഗില്‍ ഇങ്ങനെ കൊടുക്കണോ?

  പിന്നെ ഒരു കാര്യം കൂടി. ഓര്‍ക്കൂട്ട് അല്ല. ഓര്‍ക്കട്ട്. വല്യ <a href="http://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%93%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D"വിക്കിപീഡിയനായിട്ടും ഇതൊന്നും അറിയില്ലായോ?
  How do I pronounce “orkut”? orkut is easy and quick to pronounce. The emphasis is on the or. The kut is short, like cut it out! or cut to the chase! from

  http://www.google.com/support/orkut/bin/answer.py?hl=en&topic=10803&answer=11551

 3. കലക്കി. വിജയകരമായ ഡിറ്റക്ടീവ് വര്‍ക്കിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

 4. മറ്റൊരു കാര്യം.. ആ വണ്ടിയുടെ നമ്പര്‍ ഇങ്ങനെ പരസ്യമായി ഇടേണ്ടതുണ്ടോ?

 5. അഭിപ്രായങ്ങൾക്കും അഭിനന്ദനങ്ങൾക്കും നന്ദി 🙂

  @ അനൂപൻ: ഓർക്കറ്റ് എന്ന് കൊടുകണമേന്നാ ആദ്യം വിചാരിച്ചത്. പിന്നെ “ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പേരുപയോഗിക്കുക” എന്ന വിക്കി നയമനുസരിച്ച് ഓർക്കൂട്ട് എന്ന കാച്ചി 🙂

  @ അനൂപൻ & ശ്യാം: ഉടമസ്ഥന്റെ പൂർണ സമ്മതത്തോടെയാണ് അവ ഉപയോഗിച്ചത്. ന്നാലും ഇപ്പോൾ എന്തോ ഒരു വല്ലായ്മ തോന്നാതില്ല ;(

 6. camara thirike kodukkanuntaya mansinu hats off

 7. എന്നാലും കാലം പോയൊരു പോക്കേ..വന്നു വന്നു നെറ്റ് ഉണ്ടെങ്കില്‍ ഡിറ്റക്റ്റീവ് വരെയാകാം അല്ലേ.
  എന്തായാലും ആ സത്യസന്ധതയെയും,ശ്രമത്തെയും അഭിനന്ദിക്കാതെ വയ്യ.:)

 8. ചെറുതല്ലാത്ത കാര്യം തന്നെ.
  താങ്കള്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിയ്ക്കുന്നു. 🙂

 9. താങ്കളുടെ ഈ ശ്രമം തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു………ഈ മനസ്തിതി ഒരിക്കലും കൈമോശം വരാതിരിക്കട്ടെ………..

 10. ജൂനിയര്‍ Sherlock Abhi Holmes !!!! gr8 work dude!!! പക്ഷേ Aashik പറഞപോലെ ക്യാമറ കളഞ്ഞുപോയാല്‍ തിരികെ കിട്ടും എന്ന് എനിക്കും ഒരു വിശ്വാസവുമില്ല… മാതൃഭൂമി ആലപ്പുഴ എഡിഷനിൽ ഈ സംഭവത്തിന്റെ ന്യൂസ് വന്നതു ഇപ്പൊ വായിച്ചു. പക്ഷെ “അഭി” എന്ന വാക്കതില്‍ കാന്ണത്തതില്‍ വിഷമം……

 11. @ arkarjun ഉടമയുമായി ബന്ധപ്പെട്ടത് എന്റെ ചേട്ടനാണ്. അതാണ് എന്റെ പേര് ന്യൂസിൽ കാണാത്തത് 🙂 അല്ലേലും ഈ പത്രക്കാരൊക്കെ പണ്ടേ ഇങ്ങനാ 😀

 12. പാസഞ്ചര്‍ സിനിമ ഓര്‍മ്മ വരുന്നു.
  താങ്കളുടെ ഈ ശ്രമം തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു………ഈ മനസ്തിതി ഒരിക്കലും കൈമോശം വരാതിരിക്കട്ടെ………..
  ഇത് തന്നെ എനിക്കും പറയാനുളൂ.

 13. ഇത്രയും പ്രതീക്ഷിച്ചില്ല എന്റെ അഭിയേ… ക്യാമറ എന്ന് കേട്ടാല്‍ എല്ലാം മറക്കുന്ന കക്ഷിയാ…. സത്യസന്ധനായ അഭിക്ക് അഭിനന്ദനങ്ങള്‍ !!

 14. ഒരു കാമറയെക്കാള്‍ മൂല്യമുണ്ടല്ലോ അതിലെ ഓരോ സ്നാപ്പിനും. താങ്കളുടെ പ്രവൃത്തിയെ അഭിനന്ദിക്കാതെ വയ്യ. ഇത്തരം ഒരു പോസ്ടിട്ടതിനു വളരെനന്നായി.
  ജയരാജന്‍

 15. ആഹാ അഭി മിടുക്കനാണല്ലോ. വായിച്ചപ്പോ നല്ല സന്തോഷം 🙂
  പിന്നെ എന്റെ കൈയ്യിലുമുണ്ട് ഒളിബസിന്റെ ഒരു കൂറ(എന്റെ കൈയ്യിലിരിപ്പു കൊണ്ട് കൂറയായതാണ്) പണസഞ്ചി.

  ഞങ്ങൾക്കും രസകരമായ അനുഭവമുണ്ടായി.
  വീട്ടിൽ ഒരു കുടുംബം വിരുന്നു വന്നിരുന്നു. ടാക്സിയിൽ അവർ വന്നിറങ്ങിയപ്പോ വീട്ടിലേക്ക് കൂട്ടികൊണ്ടു വരാൻ അമ്മ താഴെ പോയിരുന്നു. അവരെ സഹായിക്കാൻ അവരുടെ ഒരു ബിഗ്‌ഷോപ്പർ അമ്മയാണു പിടിച്ചു കൊണ്ടു വന്നത്. അന്നു രാത്രി ബിഗ്‌ഷോപ്പറിലെ സാധനങ്ങൾ എടുക്കുന്നില്ലേയെന്ന അമ്മയുടെ ചോദ്യത്തിനു “ഏതു ബിഗ്‌ഷോപ്പർ?“ ഞങ്ങൾ ബിഗ്‌ഷോപ്പറൊന്നും കൊണ്ടുവന്നില്ലെന്ന അവരുടെ മറുപടി കേട്ട് ഞങ്ങളെല്ലാം ഞെട്ടി. പിന്നെ ബാഗ് പരിശോധിച്ചപ്പോ അതിൽ ഒരു കമ്പിളി, ബെഡ്‌ഷീറ്റ്, ഒരു അണ്ടർവെയർ, ഒരു ഫ്ലാസ്ക്ക് എന്നീ സാധനങ്ങളായിരുന്നു ഉണ്ടായിരുന്നത്. ടാക്സിയോടു ചേർന്നിരുന്നതാണെന്നു അമ്മ പറഞ്ഞപ്പോ എന്നാ പിന്നെ ടാക്സിക്കാരന്റെതാവുമെന്നു ഞങ്ങളുറപ്പിച്ചു. അങ്ങേരുടെ ഫോൺ‌നമ്പറോ വണ്ടീടെ നമ്പറൊ ഒന്നും അറിയില്ല. പിന്നെ അവസാനം എന്തായാലും അങ്ങേർക്ക് നമ്മുടെ വീട് അറിയാമല്ലോ തിരക്കി വരുമായിരിക്കും എന്നു ആശ്വസിച്ചു. ഫ്ലാസ്ക്ക് തുറന്നപ്പോ നിറയെ പാലാണ്. പാവത്തിനു കുടിക്കാൻ ഭാര്യ കൊടുത്തു വിട്ടതായിരിക്കും എന്നൊക്കെ കമന്റു പറഞ്ഞ് ഞങ്ങൾ ഉറങ്ങി.

  അടുത്ത ദിവസം രാവിലെ ഒന്നു ഗേറ്റിലെ സെക്യൂരിറ്റിയെ വിളിച്ചു ഒരു ബിഗ്‌ഷോപ്പർ ആരെങ്കിലും തിരക്കി വന്നോയെന്നൊന്ന് അന്വേഷിച്ചേക്കാമെന്നു കരുതി വിളിച്ചപ്പോഴാണറിയുന്നത് തലേ ദിവസം അതിന്റെ പേരിൽ നല്ല പുകിലായിരുന്നെന്ന്. ഞങ്ങളുടെ താഴത്തെ ഫ്ലാറ്റിലെയാളുടെ മകൾ പ്രസവത്തിനു ആശുപത്രിയിലായിരുന്നു. അവരുടെതായിരുന്നു ബിഗ്‌ഷോപ്പർ. വേലക്കാരിയുടെ കൈയ്യിൽ താഴേക്ക് കൊടുത്തു വിട്ടതാണ്. അവിടുന്നാണ് അത് അപ്രത്യക്ഷമായത്. രാത്രി മുഴുവൻ അവരതും തിരക്കി നടക്കുവായിരുന്നു. പിന്നെ അവരോടു സോറി പറഞ്ഞ് സാധനം തിരികെ കൊടുത്തു.

  അതിൽ പിന്നെ ആ വീട്ടുകാരെ കാണുമ്പോ അമ്മയോട് ഞങ്ങൾ പറയും ദേ ഇവരുടെ സാധനമായിരുന്നു അമ്മ അടിച്ചുമാറ്റി കൊണ്ടുവന്നതെന്ന്.

 16. കൊള്ളാം

 17. heyy …nice story .. added to my facebook

  😉

 18. Good attitude man…keep it

 19. Nalla Basha shaili.. Bimba kalpanakal adipoli..!! 😛

 20. എന്റെ ക്യാമറ പരീക്ഷണം കാണാൻ

  http://eureka3d.wordpress.com/


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: