വിട വിട……

“അമ്മേ വേഗം തിന്നാൻ താ, ഇന്ന് അസംബ്ലിയൊള്ളതാ, ലേറ്റായാൽ…”…..ട്രിങ് ട്രിങ്…..”അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി…” …“അഭിഷേക് ഉമ്മൻ ജേക്കബ്” …. “ഹാജർ” …“സ്ഥാനാന്തരത്തിന്റെ നിരക്കിനെ പ്രവേഗം എന്ന്..”….“ഡാ, ഒടുക്കത്തെ വെശപ്പ്. ഒരു സമോസ വാങ്ങിത്താ”… “എന്താ അഭിഷേകേ മാർക്ക് കുറഞ്ഞത്? നീയും ഉഴപ്പാൻ..” …. “ഡേയ്, ലവള് കൊള്ളാല്ലോ! ഏത് ക്ലാസിലെയാ?”… “അസൈന്മെന്റ് നാളത്തന്നെ സ്ബ്മിറ്റ് ചെയ്തോണം. അല്ലെങ്കിൽ…”.. “ജനഗണമന….”…ട്രിങ്ട്രിങ്ട്രിങ്……..

പന്ത്രണ്ട് വർഷമായി ദിവസേന കേൾക്കുന്ന ശബ്ദങ്ങൾ. ഇനിയില്ല. അതെ, എന്റെ വിദ്യാലയജീവിതത്തിന് തിരശീല വീണിരിക്കുന്നു 🙂 പന്ത്രണ്ട് വർഷം ചടപടേന്നങ്ങ് പോയി. ഇനി ഞാനൊരു “ഉസ്കൂള് കുട്ടി” അല്ലെന്ന കാര്യം വിശ്വസിക്കാൻ പ്രയാസം.

സ്കൂളെന്നു പറഞ്ഞാൽ എനിക്കൊന്നേയുള്ളൂ. ബാസൽ ഇവാഞ്ചലിക്കൽ മിഷൻ സ്കൂൾ. ഒന്നു മുതൽ +2 വരെ അവിടെത്തന്നെ. നാലു വയസുള്ളപ്പൊൾ എന്നെ വീടിനടുത്തുള്ള ഒരു അംഗണവാടിയിൽ കൊണ്ടു ചേർത്തെങ്കിലും വെറും രണ്ടേ രണ്ട് ദിവസമേ അവിടുത്തെ അഭ്യാസം നീണ്ടുനിന്നുള്ളൂ. ഞാനാരാ മോൻ? മകൻ രണ്ട് വർഷം കഴിഞ്ഞ് സ്കൂളിൽ പോയാൽ മതിയെന്ന് വീട്ടുകാരേക്കൊണ്ട് ഞാൻ പറയിപ്പിച്ചു. അങ്ങനെ, ആറു വയസുള്ളപ്പോളാണ് എന്റെ ഔദ്യോഗിക വിദ്യാഭ്യാസം ആരംഭിക്കുന്നത്.

സ്കൂളിലെ ആദ്യ ദിനം, ഇന്നലെക്കഴിഞ്ഞതുപോലെ അതിപ്പോഴും മനസിലുണ്ട്. ഉവ്വോ? അതോ പലവർഷങ്ങളിലായി മലയാളം പരീക്ഷയിൽ വരുന്ന “നിങ്ങളുടെ ആദ്യ വിദ്യാലയ ദിനത്തേക്കുറിച്ച് ഒന്നരപ്പുറത്തിൽ കവിയാതെ എഴുതുക” എന്ന ചോദ്യത്തിന് ഉത്തരമായി എന്റെ മനസ് കെട്ടിച്ചമച്ചതാണോ? ആവൊ…

അന്ന് രാവിലെ മഴ പെയ്തിരുനെന്നാണ് ഓർമ. പെയ്തിരിക്കണം, അന്ന് പ്രകൃതിക്ക് ഇന്നത്തേപ്പോലെ കാലം തെറ്റിയിരുന്നില്ലല്ലോ. അച്ഛനാണ് സ്കൂളിൽ കൊണ്ട് വിട്ടത്. ഒന്നാം ക്ലാസ് ബി-യിലെ ആദ്യ ബെഞ്ചിൽ എന്നെ കൊണ്ടിരുത്തിയശേഷം അച്ഛൻ മടങ്ങിപ്പോയി.  പുറത്തുള്ളതിനേക്കാൾ ശക്തമായ മഴ ക്ലാസിനകത്ത്, കണ്ണീർ മഴ. “എനിച്ചമ്മേക്കാനനം” എന്നലറിക്കരയുന്ന കുട്ടികളെ സമാധാനിപ്പിക്കാൻ പാടുപെടുന്ന അധ്യാപകർ. കാലിൽ അള്ളിപ്പിടിച്ച് നിൽക്കുന്ന മക്കളുടെ പിടിവിടുവിക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾ. ഞാൻ കരഞ്ഞോ?  ഇല്ല. പുറത്തുചാടാൻ വെമ്പി നിൽക്കുന്ന കരച്ചിലിനെ കടിച്ചമർത്തിക്കൊണ്ട് നല്ല കുട്ടിയായി ഞാനിരുന്നു. ടീച്ചർ ഓരോരുത്തരോടായി പേരു ചോദിച്ചു. എന്റെ ഊഴം വന്നപ്പോൾ ഇടറിയ ശബ്ദത്തിൽ ഞാൻ പറഞ്ഞു ,”അബിസേക്..” എന്റെ മുഴുവൻ പേര് അന്നെനിക്കറിയില്ല. പിന്നെ…ടീച്ചർ ഒരു പാട്ട് പഠിപ്പിച്ചെന്ന് തോന്നുന്നു. എന്റെ ശ്രദ്ധ അതിലൊന്നുമായിരുന്നില്ല. ‘അച്ഛനെന്നെ ഇവിടെ കളഞ്ഞിട്ട് പോയതാണോ?‘ സ്കൂളിന്റെ മുറ്റത്ത് കണ്ണുംനട്ട് കുറേനേരമിരുന്നു. അതിനിടയിൽ എന്തൊക്കെ സംഭവിച്ചെന്ന് ഓർമയില്ല. ദൂരെ, അച്ഛനും ചേച്ചിയും നടന്ന് വരുന്നത് കണ്ടപ്പോഴാണ് സമാധാനമായത്. ബെല്ലടിച്ചതും ബാഗും തൂക്കി പുറത്തേക്കോടി. അന്ന് മുതൽ ഇന്നലെവരെ, ആ നീണ്ട മണിയടിക്കായി കാതോർത്തിരുന്ന ദിനങ്ങൾ, പന്ത്രണ്ട് വർഷങ്ങൾ.

നിറമിഴികളോടെയാണ് അവസാനമായി സ്കൂളിന്റെ പടികളിറങ്ങിയത്. സ്കൂളിനെ പിരിയുന്നതിലുള്ള ദുഃഖം കൊണ്ടൊന്നുമല്ല, അവസാനത്തെ പരീക്ഷ-കണക്ക്-ശരിക്കും കരയിപ്പിച്ച് കളഞ്ഞു ;( കണക്ക് മാത്രമല്ല, സബ്ജക്റ്റ് മൊത്തം കണക്കായിരുന്നു. പരീക്ഷയേപ്പറ്റി പറഞ്ഞ് തുടങ്ങിയാൽ ഇതൊരു കണ്ണീർ സീരിയലായിപ്പോകും. ആഹ്, പോയി തുലയട്ടെ. കഴിഞ്ഞത് കഴിഞ്ഞു. എക്സാം കുളമാക്കിയതിന്റെ കേട് തീർക്കാൻ അവസാനദിവസം കളറുപൊടിയും ഉജാലയും കൂട്ടിക്കുഴച്ച് കണ്ടവന്റെയെല്ലാം മുഖത്ത് വാരിത്തേച്ചു. ആകെപ്പാടെ ഒരു ഹോളി ആഘോഷിച്ചത് പോലെയുണ്ടായിരുന്നു. ഒടുവിൽ പൊലീസ് വന്ന് കണ്ണുരുട്ടിയപ്പോൾ ഞങ്ങൾ പയ്യെ സ്ഥലം കാലിയാക്കി.

സ്കൂൾ വിട്ട് പോകാൻ വിഷമമൊന്നുമില്ലെന്ന് ഒരു ജാഡക്ക് പറയാമെങ്കിലും,.. സത്യമതാണോ? പന്ത്രണ്ട് വർഷം വളരെ വലിയൊരു കാലയളവാണ്. ആ വിദ്യാലയം എന്റെ ജീവിതത്തിലെ പറിച്ച് മാറ്റാനാകാത്ത ഒരു ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. “പാലക്കാടിന്റെ ചെങ്കോട്ട” എന്റെ രണ്ടാം ഭവനമാണ്. അവിടെനിന്ന് ഞാൻ പലതും കണ്ടും കേട്ടും അനുഭവിച്ചും പഠിച്ചു. പുസ്തകത്തിലുള്ളതും ഇല്ലാത്തതും പഠിച്ചു. ഒന്നാം ക്ലാസിൽ കേട്ടെഴുത്തിൽ മൊട്ട വാങ്ങിച്ചപ്പോൾ ആഷ ടീച്ചർ തന്നതു മുതൽ +2-ൽ ഏതോ ഹൈഡ്രോകാർബണിന്റെ പേരു പറയാത്തതിന് കവിത ടീച്ചർ തന്നതുവരെയുള്ള നൂറ് നൂറായിരം ചൂരൽക്കഷായങ്ങൾ ഞാനൊരിക്കലും മറക്കില്ല. അവിടുത്തെ കല്ലും പുല്ലും, ബെഞ്ചും ഡെസ്കും, റേഷനരിയേക്കാൾ നാറുന്ന മൂത്രപ്പുരയും, അഞ്ച് പൈസക്ക് മിഠായി കിട്ടുന്ന കാന്റീനും അങ്ങനെയെല്ലാം…. എന്നുമെന്റെ മനസിന്റെ ഒരു കോണിലുണ്ടാകും. തീർച്ച…

ഇനിയുമെഴുതിയാൽ ഞാൻ ഭയങ്കര സെന്റിയായിപ്പോകും. നിർത്തട്ടെ. എന്റെ പൊന്നാര മിഷൻ സ്കൂളെ…വിട…

Advertisements