കുടുംബയോഗം

തദ്ദേശ തെരഞ്ഞെടുപ്പ് ദേ ഇങ്ങെത്തി. വൈവിധ്യമാര്‍ന്ന പ്രചാരണ പരിപാടികള്‍ കൊട്ടിക്കലാശത്തോടടുക്കുന്നു. ഇത്തവണ  ഇവിടെ പാലക്കാട്ട് പ്രചാരണത്തില്‍ ട്രെന്‍ഡ് കുടുംബയോഗങ്ങളായിരുന്നു. വാര്‍ഡിലെ ഓരോ വ്യക്തികളേയും കുടുംബങ്ങളേയും അടുത്തറിയുകയും അവരുടെ ജീവിത പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയുമാണത്രേ കുടുംബയോഗങ്ങളുടെ ലക്ഷ്യം.

ഞങ്ങളുടെ വാര്‍ഡിലും നടന്നൂ കുടുംബയോഗങ്ങള്‍. സാമാന്യം കൂറ്റനൊരു സ്റ്റേജ് കെട്ടിപ്പൊക്കും. രണ്ട് വലിയ ഉച്ചഭാഷിണികളും സ്ഥാപിക്കും. പ്രദേശത്തെ ഭൂരിപക്ഷമായ മുസ്ലീം വോട്ടര്‍മാരെ സോപ്പിടാനോ അതോ ഇനി കോളാമ്പികളുടെ വാടക മുതലാക്കാനാ എന്തോ, അതിരാവിലെ മുതല്‍ മാപ്പിളപ്പാട്ടുകള്‍ (എന്നു പറയപ്പെടുന്ന പാട്ടുകള്‍‍) അത്യുച്ചത്തില്‍ അവയില്‍നിന്ന് പ്രവഹിച്ചുകൊണ്ടേയിരിക്കും. യുവനേതാക്കള്‍ക്ക് ബോറടിച്ചാല്‍ പുട്ടില്‍ തേങ്ങാപ്പീരയെന്നപോലെ ഇടക്കിടെ നല്ല സിനിമാപ്പാട്ടുകളും ഇടും. നേരം പാതിരായോടടുക്കുമ്പോള്‍ കൂലി പ്രാസംഗികന്‍ വന്നെത്തും. സ്ഥാനാര്‍ത്ഥിയേക്കാള്‍ വിലയാണ് അങ്ങോര്‍ക്ക്. നാട്നീളെ അലഞ്ഞ്തിരിഞ്ഞ് തൊണ്ടകീറി വിളിച്ചുകൂവിയതിന്റെ ക്ഷീണമൊന്നും വകവക്കാതെ പുള്ളി ഉഗ്രനൊരു പ്രസംഗമങ്ങ് കാച്ചും. അടുക്കള പണിയെല്ലാം കഴിഞ്ഞ് സൊറ പറഞ്ഞിരിക്കുന്ന ചില ഉമ്മച്ചിമാരും പ്രത്യേകിച്ച് പണിയും തൊരവുമൊന്നുമില്ലാത്ത യുവനേതാക്കളും അത് കേട്ടിരിക്കും. പ്രസംഗത്തിനുശേഷം ‘ഞാന്‍ വെറുമൊരു ഡമ്മിയല്ല’ എന്ന് കാണിക്കാന്‍ സ്ഥാനാര്‍ത്ഥി നാല് വാക്ക് പറഞ്ഞൊപ്പിക്കും. സ്ത്രീസം‌വരണ വാര്‍ഡാണെങ്കില്‍ അതുപോലുമുണ്ടാകില്ല. യോഗം പിരിഞ്ഞശേഷം മുമ്പു പറഞ്ഞ യുവനേതാക്കളുടെ വക വിവിധ കലാപപരിപാടികള്‍ മൈക്കിലൂടെയുണ്ടാകും. അത് നേരം പുലരുവോളം തുടരും. ഇതാണ് “കുടുംബയോഗം”. ചുരുക്കുപ്പറഞ്ഞാല്‍ കഴിഞ്ഞ ഒരാഴ്ച മനുഷ്യന്റെ ചെവിക്ക് സ്വൈര്യം തന്നിട്ടില്ല.

അരിവാളും കയ്യും ടെലിവിഷനുമൊക്കെ കുടുംബയോഗം നടത്തിക്കഴിഞ്ഞു. താമര, കുട എന്നിവര്‍ വക നാളെ. സ്വന്തം വാര്‍ഡിലെ മാത്രമല്ല, അയല്‍ വാര്‍ഡുകളിലേയും കുടുംബയോഗങ്ങളുടെ ശബ്ദകോലാഹലങ്ങള്‍ ഇവിടെ കേള്‍ക്കാം. അത്രക്കുണ്ട് പ്രചാരണത്തിന്റെ ശക്തി. രാത്രി ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് നമ്മുടെ നാട്ടില്‍ നിയന്ത്രണമുണ്ടെന്നാണ് എന്റെ അറിവ്. ഏതായാലും ഭരണപ്പാര്‍ട്ടിയോ ഇനി ഭരിക്കാന്‍ പോകുന്ന പാര്‍ട്ടിയോ ഒന്നുംതന്നെ ആ നിയമത്തിന് പുല്ലുവില കൊടുത്തിട്ടില്ല. ഏതായാലും ഇന്റേണല്‍ എക്സാമിന് കിട്ടിയ മുട്ട വീട്ടില്‍ കാണിക്കുമ്പോള്‍ പറയാനൊരു കാരണമായി – “ഈ രാഷ്ട്രീയക്കാരുടെ മൊട കാരണം ഒരക്ഷരം പഠിക്കാന്‍ പറ്റിയില്ലന്നേയ്”

ഇക്കണ്ട തരികിടയെല്ലാം കാണിച്ച് ജയിക്കുന്ന മെമ്പര്‍, ആരോ പറഞ്ഞപോലെ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വന്ന് പോകുന്ന ഉത്സവക്കച്ചവടക്കാരനാകാതിരിന്നാല്‍ നന്ന്. അല്ലാ, ഇനിയിപ്പോ മെമ്പറ് ഫണ്ടില്‍ കയ്യിട്ട് വാരി ഗള്‍ഫിലോട്ട് പറന്നാലും എനിക്കെന്താ? അതില്‍ പുതുമയൊന്നുമില്ലല്ലോ. വോട്ട് ചെയ്യാന്‍ പ്രായം തികഞ്ഞിട്ടില്ലാത്ത ഞാന്‍ ഇതിനെല്ലാം മൂകസാക്ഷി.

കുറിപ്പ്: “സ്ത്രീസം‌വരണ വാര്‍ഡാണെങ്കില്‍ അതുപോലുമുണ്ടാകില്ല.” എന്ന് പൊതുവായിപ്പറഞ്ഞതല്ല. ഇവിടുത്തെ അവസ്ഥയാണ്.

Advertisements