നമസ്കാാാാാാരം

ഒടുവില്‍ ഞാനും ബൂലോഗത്തെത്തി. അല്ലാ, ഈ ഞാനെന്നു പറഞ്ഞാലാരാ? ഈ ഞാന്‍ തന്നെ. എന്നെ അറിയത്തില്ലേ? ഛേയ്, മോശം മോശം.

ഞാന്‍ അഭിഷേക് ഉമ്മന്‍ ജേക്കബ്. (പേരിനു മാത്രമേ നീളമുള്ളൂ.) ഒരു പാലക്കാടന്‍ (ചില്ലുള്ള പേരുകളാണല്ലോ ഇപ്പോ ബ്ലോഗുകളില്‍ ഹിറ്റ്). +1-ല്‍ പഠിക്കുന്നു. മാതൃഭാഷയുയോടുള്ള സ്നേഹം കൊണ്ട് മലയാളം വിക്കിപീഡിയയിലും സഹോദര സംരഭങ്ങളിലും ഒന്നര വര്‍ഷത്തോളമായി ചുറ്റിത്തിരിയുന്നു. മൈക്രോസോഫ്റ്റ് (പ്രൊപ്പ്രൈറ്ററി) ലഹരിയില്‍ നിന്നും വിമുക്തി നേടാന്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കള്ളുകുടിയന്മാരെപ്പോലെതന്നെ, വിമുക്തി വേണോന്ന് എനിക്ക് തന്നെ നിശ്ചയമില്ല.

വിക്കിപീഡിയനായതുകൊണ്ടും പിന്നെ അല്പം വിവ്വീവി..വിക്കുള്ളതുകൊണ്ടുമാണ് വിക്കനഭി എന്ന പേര്. ഇവിടെ ഞാന്‍ എന്തൊക്കെ എഴുതുമെന്ന് ചോദിച്ചാല്‍… വിക്കി വിശേഷങ്ങള്‍, നാട്ടുവിശേഷങ്ങള്‍, നാട്ടാരുടേ വിശേഷങ്ങള്‍ (തല്ലു കൊണ്ടേ അടങ്ങൂ) അങ്ങനെയങ്ങനെ… എന്തെഴുതിയാലും സാഹിത്യമെഴുതി ആരെയും കൊല്ലാക്കൊല ചെയ്യില്ല എന്ന് ഉറപ്പ് തരുന്നു. അയ്യോ വേണ്ട, അവസാനം പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു. ഏതെങ്കിലും കാലത്ത് സുബോധം പോയി വല്ലോമൊക്കെ എഴുതിയാലോ? ഇനി ‘പലരേയും’ പോലെ ഗ്രാന്റായി ബ്ലോഗൊക്കെ തുടങ്ങീട്ട് ചിലന്തിക്ക് വലകെട്ടാനായി വെറുതെ ഇട്ടുകൊടുക്കാനും സാധ്യതയുണ്ട്.

ഇപ്പോ ഇത്രേയുള്ളൂ. എന്നെത്തന്നെ ഒരിക്കല്‍കൂടി ബ്ലോഗ് ലോകത്തേക്ക് സ്വാഗതം ചെയ്തുകൊണ്ട് നിര്‍ത്തുന്നു. നന്ദി, നമസ്കാരം. (എല്ലാരും കയ്യടിച്ചേ, ങ്ഹാ അങ്ങനെത്തന്നെ)