ലീഡര്‍

ലീഡറുടെ ഭരണകാലത്തെ ചെയ്തികള്‍ മുന്‍നിര്‍ത്തി അദ്ദേഹത്തെ തെറി പറയാന്‍ ഞാനൊരു രാഷ്ട്രീയ നിരീക്ഷകനല്ല. മരിച്ച് പോയെന്ന കാരണം കൊണ്ട് മാത്രം ഒരാളെ പൊക്കിപ്പറയാനും എനിക്ക് താത്പര്യമില്ല.

വാര്‍ത്താമാദ്ധ്യമങ്ങളില്‍ ഞാന്‍ ലീഡറെ ശ്രദ്ധിച്ചുതുടങ്ങിയ കാലം മുതല്‍ അദ്ദേഹം ആശുപത്രികളില്‍ കയറിയിറങ്ങുകയാണ്. സ്ഥിതി പലപ്പോഴും “ഗുരുതരവും” “അതീവ ഗുരുതരവും” അതിനപ്പുറത്തേക്കും പോയി. എന്നാല്‍ ഓരോതവണയും പൂര്‍‌വ്വാധികം ശക്തിയോടെ അദ്ദേഹം കിടക്കവിട്ടെഴുന്നേറ്റു. “മരണത്തെ ജയിച്ചവന്റെ ‍” ചിത്രമായിരുന്നു എന്റെ മനസ്സില്‍ അദ്ദേഹത്തിന്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. ഒരുതരം ഭയമാണ് വാര്‍ത്ത കേട്ടപ്പോളുണ്ടായത്. “കെ. കരുണാകരന്‍ മരിച്ചിട്ടില്ല: തെറ്റായ വാര്‍ത്തയില്‍ ഖേദിക്കുന്നു” എന്നൊരു വാര്‍ത്ത ഇപ്പോഴും പ്രതീക്ഷിക്കുന്നു.

Advertisements

കുടുംബയോഗം

തദ്ദേശ തെരഞ്ഞെടുപ്പ് ദേ ഇങ്ങെത്തി. വൈവിധ്യമാര്‍ന്ന പ്രചാരണ പരിപാടികള്‍ കൊട്ടിക്കലാശത്തോടടുക്കുന്നു. ഇത്തവണ  ഇവിടെ പാലക്കാട്ട് പ്രചാരണത്തില്‍ ട്രെന്‍ഡ് കുടുംബയോഗങ്ങളായിരുന്നു. വാര്‍ഡിലെ ഓരോ വ്യക്തികളേയും കുടുംബങ്ങളേയും അടുത്തറിയുകയും അവരുടെ ജീവിത പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയുമാണത്രേ കുടുംബയോഗങ്ങളുടെ ലക്ഷ്യം.

ഞങ്ങളുടെ വാര്‍ഡിലും നടന്നൂ കുടുംബയോഗങ്ങള്‍. സാമാന്യം കൂറ്റനൊരു സ്റ്റേജ് കെട്ടിപ്പൊക്കും. രണ്ട് വലിയ ഉച്ചഭാഷിണികളും സ്ഥാപിക്കും. പ്രദേശത്തെ ഭൂരിപക്ഷമായ മുസ്ലീം വോട്ടര്‍മാരെ സോപ്പിടാനോ അതോ ഇനി കോളാമ്പികളുടെ വാടക മുതലാക്കാനാ എന്തോ, അതിരാവിലെ മുതല്‍ മാപ്പിളപ്പാട്ടുകള്‍ (എന്നു പറയപ്പെടുന്ന പാട്ടുകള്‍‍) അത്യുച്ചത്തില്‍ അവയില്‍നിന്ന് പ്രവഹിച്ചുകൊണ്ടേയിരിക്കും. യുവനേതാക്കള്‍ക്ക് ബോറടിച്ചാല്‍ പുട്ടില്‍ തേങ്ങാപ്പീരയെന്നപോലെ ഇടക്കിടെ നല്ല സിനിമാപ്പാട്ടുകളും ഇടും. നേരം പാതിരായോടടുക്കുമ്പോള്‍ കൂലി പ്രാസംഗികന്‍ വന്നെത്തും. സ്ഥാനാര്‍ത്ഥിയേക്കാള്‍ വിലയാണ് അങ്ങോര്‍ക്ക്. നാട്നീളെ അലഞ്ഞ്തിരിഞ്ഞ് തൊണ്ടകീറി വിളിച്ചുകൂവിയതിന്റെ ക്ഷീണമൊന്നും വകവക്കാതെ പുള്ളി ഉഗ്രനൊരു പ്രസംഗമങ്ങ് കാച്ചും. അടുക്കള പണിയെല്ലാം കഴിഞ്ഞ് സൊറ പറഞ്ഞിരിക്കുന്ന ചില ഉമ്മച്ചിമാരും പ്രത്യേകിച്ച് പണിയും തൊരവുമൊന്നുമില്ലാത്ത യുവനേതാക്കളും അത് കേട്ടിരിക്കും. പ്രസംഗത്തിനുശേഷം ‘ഞാന്‍ വെറുമൊരു ഡമ്മിയല്ല’ എന്ന് കാണിക്കാന്‍ സ്ഥാനാര്‍ത്ഥി നാല് വാക്ക് പറഞ്ഞൊപ്പിക്കും. സ്ത്രീസം‌വരണ വാര്‍ഡാണെങ്കില്‍ അതുപോലുമുണ്ടാകില്ല. യോഗം പിരിഞ്ഞശേഷം മുമ്പു പറഞ്ഞ യുവനേതാക്കളുടെ വക വിവിധ കലാപപരിപാടികള്‍ മൈക്കിലൂടെയുണ്ടാകും. അത് നേരം പുലരുവോളം തുടരും. ഇതാണ് “കുടുംബയോഗം”. ചുരുക്കുപ്പറഞ്ഞാല്‍ കഴിഞ്ഞ ഒരാഴ്ച മനുഷ്യന്റെ ചെവിക്ക് സ്വൈര്യം തന്നിട്ടില്ല.

അരിവാളും കയ്യും ടെലിവിഷനുമൊക്കെ കുടുംബയോഗം നടത്തിക്കഴിഞ്ഞു. താമര, കുട എന്നിവര്‍ വക നാളെ. സ്വന്തം വാര്‍ഡിലെ മാത്രമല്ല, അയല്‍ വാര്‍ഡുകളിലേയും കുടുംബയോഗങ്ങളുടെ ശബ്ദകോലാഹലങ്ങള്‍ ഇവിടെ കേള്‍ക്കാം. അത്രക്കുണ്ട് പ്രചാരണത്തിന്റെ ശക്തി. രാത്രി ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് നമ്മുടെ നാട്ടില്‍ നിയന്ത്രണമുണ്ടെന്നാണ് എന്റെ അറിവ്. ഏതായാലും ഭരണപ്പാര്‍ട്ടിയോ ഇനി ഭരിക്കാന്‍ പോകുന്ന പാര്‍ട്ടിയോ ഒന്നുംതന്നെ ആ നിയമത്തിന് പുല്ലുവില കൊടുത്തിട്ടില്ല. ഏതായാലും ഇന്റേണല്‍ എക്സാമിന് കിട്ടിയ മുട്ട വീട്ടില്‍ കാണിക്കുമ്പോള്‍ പറയാനൊരു കാരണമായി – “ഈ രാഷ്ട്രീയക്കാരുടെ മൊട കാരണം ഒരക്ഷരം പഠിക്കാന്‍ പറ്റിയില്ലന്നേയ്”

ഇക്കണ്ട തരികിടയെല്ലാം കാണിച്ച് ജയിക്കുന്ന മെമ്പര്‍, ആരോ പറഞ്ഞപോലെ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വന്ന് പോകുന്ന ഉത്സവക്കച്ചവടക്കാരനാകാതിരിന്നാല്‍ നന്ന്. അല്ലാ, ഇനിയിപ്പോ മെമ്പറ് ഫണ്ടില്‍ കയ്യിട്ട് വാരി ഗള്‍ഫിലോട്ട് പറന്നാലും എനിക്കെന്താ? അതില്‍ പുതുമയൊന്നുമില്ലല്ലോ. വോട്ട് ചെയ്യാന്‍ പ്രായം തികഞ്ഞിട്ടില്ലാത്ത ഞാന്‍ ഇതിനെല്ലാം മൂകസാക്ഷി.

കുറിപ്പ്: “സ്ത്രീസം‌വരണ വാര്‍ഡാണെങ്കില്‍ അതുപോലുമുണ്ടാകില്ല.” എന്ന് പൊതുവായിപ്പറഞ്ഞതല്ല. ഇവിടുത്തെ അവസ്ഥയാണ്.

മലയാളം വിക്കിസംഗമം 2010

വിക്കിമീഡിയ ഫൗണ്ടേഷന്റെ മലയാളം വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കുന്നവരുടെ മൂന്നാമത് സംഗമം 2010 ഏപ്രിൽ 17നു്  രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻ‌സസ്, കളമശ്ശേരിയിൽ വെച്ചു് നടന്നു. മലയാളം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത 500 ലേഖനങ്ങളടങ്ങുന്ന സിഡിയുടെ പ്രകാശനവും ‘വിവരസാങ്കേതികവിദ്യയും പ്രാദേശികതയും’ എന്ന വിഷയത്തിൽ സെമിനാറും സംഗമത്തോടൊപ്പം നടന്നു.  85 പേർ സംഗമത്തിൽ പെങ്കെടുത്തു

17-ന് രാവിലെ 9 മണിക്ക് തന്നെ സംഗമത്തിന്റെ റെജിസ്ട്രേഷൻ ആരംഭിച്ചു. പ്രതീഷ് എസ്, ജിതേഷ് ഇ.ജെ. എന്നിവർ റെജിസ്ട്രേഷൻ നടപടികളുടെ ചുമതല വഹിച്ചു. പരിചയപ്പെടലായിരുന്നു ആദ്യ കാര്യപരിപാടി. പ്രാഥമിക വിവരങ്ങളോടൊപ്പം മലയാളം വിക്കിപീഡിയയിൽ എത്തിച്ചേർന്നതിനെപ്പറ്റിയും വിക്കിയിൽ തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവർത്തനങ്ങളേപ്പറ്റിയും ഓരോ വിക്കിപീഡിയന്മാരും ചുരുങ്ങിയ വാക്കുകളിൽ സംസാരിച്ചു.

അതിനുശേഷം മലയാളം വിക്കിപീഡിയയിൽ സിസോപ്പായ രമേഷ് എൻ.ജി. മലയാളം വിക്കിപീഡിയയേയും സഹോദരസംരംഭങ്ങളെയും പരിചയപ്പെടുത്തുന്ന  ആമുഖപ്രഭാഷണം നടത്തി. ഇന്ത്യൻ വിക്കിപീഡിയകളുടെ സ്ഥിതിവിവരണക്കണക്കുകൾ അവതരിപ്പിച്ച രമേഷ് അവയിൽ മലയാളം വിക്കിപീഡിയക്കുള്ള സ്ഥാനത്തേക്കുറിച്ചും സംസാരിച്ചു. പേജ് ഡെപ്തിന്റെ കാര്യത്തിൽ ഇംഗ്ലീഷിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് മലയാളം വിക്കിപീഡിയ എന്ന കാര്യം രമേഷ് ചൂണ്ടിക്കാട്ടി. സജീവ ഉപയോക്താക്കളുടെ എണ്ണത്തേക്കുറിച്ചും സിസോപ്പ്, ബ്യൂറോക്രാറ്റ് തുടങ്ങിയവരുടെ പ്രവർത്തനങ്ങളേക്കുറിച്ചും ചിലർ സംശയങ്ങൾ ചോദിച്ചു.

അതിനുശേഷം പകർപ്പാവകാശങ്ങളേക്കുറിച്ച് മലയാളം വിക്കിപീഡിയയിലെ മുൻ ബ്യൂറോക്രാറ്റും സിസോപ്പുമായ വി.എസ്. സുനിൽ സംസാരിച്ചു. വിവിധ ക്രിയേറ്റീവ് കോമൺസ്, ഗ്നു ലൈസൻസുകളെ പരിചയപ്പെടുത്തി. എല്ലാ ക്രിയേറ്റീവ് കോമൺസ് അനുമതികളും വിക്കിയിലെ ചിത്രങ്ങളിൽ ഉപയോഗിക്കാമാവില്ല എന്നത് സുനിൽ ഊന്നിപ്പറഞ്ഞു. ചിത്രങ്ങളുടെ ന്യായോപയോഗ ഉപപത്തിയേക്കുറിച്ചും അത്തരത്തിൽ ചിത്രങ്ങൾ വിക്കിയിൽ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട നിബന്ധനകളേക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. ന്യായോപയോഗ ഉപപത്തിയുടെ വിവിധ വശങ്ങളേക്കുറിച്ചും പ്രിന്റ് സ്ക്രീൻ ചിത്രത്തിന്റെ പകർപ്പാവകാശത്തേക്കുറിച്ചും മറ്റുമുള്ള വിവിധ സംശയങ്ങൾ സുനിൽ, മഞ്ജിത് എന്നിവർ ചേർന്ന് ദുരീകരിച്ചു. ചിത്രങ്ങളുടെ ലൈസൻസിങ് പ്രക്രീയകളും നിബന്ധനകളും കൂടുതൽ ലളിതാമാക്കേണ്ടതുണ്ടെന്ന് ചിലർ അഭിപ്രായപ്പെട്ടു.

വിക്കിപദ്ധതികൾ അഥവാ വിക്കിപ്രൊജക്റ്റ്സിനെ പരിചയപ്പെടുത്തിക്കൊണ്ട്, മലയാളം വിക്കിപീഡിയയിലെ സിസോപ്പായ സിദ്ധാർത്ഥൻ നടത്തിയ ക്ലാസായിരുന്നു അടുത്തത്. വിക്കിയിൽ ഒരേ വിഭാഗത്തിൽ‌പ്പെടുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ചിട്ടയോടെ ചെയ്യുന്നതിനും വിക്കിപദ്ധതികൾ സഹായകരമാണെന്ന് സിദ്ധാർത്ഥൻ പറഞ്ഞു. ലേഖനങ്ങൾ ക്രമീകൃതമായി വർഗീകരിക്കുന്നതിനുള്ള “വർഗ്ഗം പദ്ധതി”, മായ്ക്കെപ്പെടുവാൻ സാദ്ധ്യതയുള്ള ലേഖനങ്ങളെ കുറവുകൾ തീർത്ത് സംരക്ഷിക്കുന്നതിനുള്ള “ലേഖന രക്ഷാ സംഘം”, ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ തുടക്കമിടുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന “ജ്യോതിശാസ്തം പദ്ധതി” എന്നിവയെ വിജയകരമായി പ്രവർത്തിക്കുന്ന വിക്കിപദ്ധതികൾക്ക് ഉദാഹരണമായി ചൂണ്ടിക്കാട്ടി. മലയാളം വിക്കിപീഡിയയിൽ കൂടുതൽ വിക്കിപദ്ധതികൾ ഉണ്ടാകേണ്ടതുണ്ടെന്ന് പറഞ്ഞ സിദ്ധാർത്ഥൻ അക്കാര്യത്തിൽ ഏവരുടേയും സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു.

ഉച്ചഭക്ഷണത്തിന് ശേഷം മുൻ ബ്യൂറോക്രാറ്റായ മഞ്ജിത് കൈനിക്കര മലയാളം വിക്കിപീഡിയയുടെ സഹോദരസംരംഭങ്ങളേക്കുറിച്ച് സംസാരിച്ചു. വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിപാഠശാല, വിക്കിചൊല്ലുകൾ എന്നീ വിക്കിമീഡിയ സംരംഭങ്ങളേപ്പറ്റി വിവരിക്കുകയും അവയുടെ നിലവിലെ അവസ്ഥ വിശകലനം ചെയ്യുകയും ചെയ്തു. പ്രവർത്തകർ കുറവായതിനാൽ ഇവയുടെ വളർച്ച പൊതുവെ മന്ദഗതിയിലാണെന്നും പ്രത്യേകിച്ച് വിക്കിചൊല്ലുകളും വിക്കിപാഠശാലയും ഇപ്പോഴും ശൈശവദശയിലാണെന്നും അദ്ദേഹം പറഞ്ഞു. വിക്കിപീഡിയയിൽ ലേഖനങ്ങളെഴുതാൻ താത്പര്യമില്ലാത്തവർക്ക് ഇവയിൽ പ്രവർത്തിക്കുന്നതിലൂടെ വിക്കിസംരംഭങ്ങളെ സഹായിക്കാനാകുമെന്നും മഞ്ജിത് കൂട്ടിച്ചേർത്തു.

വിക്കിപീഡിയയിലെ പുതിയ ഉപയോക്താക്കളെ ഉദ്ദേശിച്ചുള്ള ക്ലാസുകളാണ് പിന്നീട് നടന്നത്. വിക്കിഗ്രന്ഥശാലയിലെ ബ്യൂറോക്രാറ്റായ ഷിജു അലക്സ് വിക്കിമീഡിയ സോഫ്റ്റ്വെയറിന്റെ പ്രവർത്തനം പരിചയപ്പെടുത്തി. വിക്കിയിൽ ലേഖനങ്ങൾ തിരയുന്നതിനേക്കുറിച്ചും വിക്കിതാളിലെ വിവിധ ടാബുകളായ ലേഖനം, സംവാദം, നാൾവഴി, തലക്കെട്ട് മാറ്റം എന്നിവയേക്കുറിച്ച് അദ്ദേഹം വിവരിച്ചു. മലയാളം ടൈപ്പ് ചെയ്യുന്നതിനുള്ള ഇൻസ്ക്രിപ്റ്റ് – ഫൊണറ്റിക് രീതികളേക്കുറിച്ച് വിശദമാക്കിയ ഷിജു, പുതുതായി ടൈപ്പിങ് പഠിക്കുന്നവർ ഇൻസ്ക്രിപ്റ്റ് തെരഞ്ഞെടുക്കുന്നതാണ് ഉചിതമെന്ന് നിർദ്ദേശിച്ചു.

ആ ക്ലാസിന്റെ തുടർച്ചയെന്നോണം വിക്കി തിരുത്തൽ പരിചയപ്പെടുത്തുന്ന സെഷന് മലയാളം വിക്കി സിസോപ്പായ അനൂപ് നാരായണൻ നേതൃത്വം നൽകി. വിക്കിയിൽ ലേഖനങ്ങൾ തുടങ്ങുന്നത് എങ്ങനെയെന്നും നിലവിലുള്ള ലേഖനങ്ങൾ തിരുത്തുന്നത് എങ്ങങ്ങനെയെന്നും അനൂപ് വിശദമാക്കി. ഒരു വിക്കി ലേഖനത്തിന്റെ ഘടനയും അതിലുപയോഗിക്കേണ്ട ഫോർമാറ്റിങ് രീതികളും അദ്ദേഹം പരിചയപ്പെടുത്തി. സംഗമം നടക്കുന്ന രാജഗിരി കോളേജിനേക്കുറിച്ചുള്ള  ലേഖനം സൃഷ്ടിച്ചുകൊണ്ടാണ് അനൂപ് വിക്കി എഡിറ്റിങ് പഠിപ്പിച്ചത്. വിക്കിപീഡിയയിലേക്ക് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്ന രീതിയും അദ്ദേഹം വിവരിച്ചു.

മലയാളം വിക്കിപീഡിയയിലെ തെരഞ്ഞെടുത്ത 500 ലേഖനങ്ങളുൾക്കൊള്ളുന്ന സിഡിയുടെ പ്രകാശനമായിരുന്നു അടുത്ത കാര്യപരിപാടി.  പ്രകാശനത്തിന് മുമ്പായി ഷിജു അലക്സ് മലയാളം വിക്കിപീഡിയയുടെ ഈ അഭിമാന നേട്ടത്തേക്കുറിച്ച് ചില വാക്കുകൾ സംസാരിച്ചു. ഇന്ത്യൻ ഭാഷാ വിക്കികളിൽ ആദ്യമായാണ് ഇത്തരത്തിലൊരു ഉദ്യമം. ലോകമൊട്ടാകെത്തന്നെ ലേഖനങ്ങൾ സിഡി രൂപത്തിൽ പുറത്തിറക്കുന്ന ആറാമത്തെ വിക്കിപീഡിയയാണ് നമ്മുടേത്. സിഡിക്കു വേണ്ടിയുള്ള സോഫ്റ്റ്വെയർ വികസിപ്പിച്ചെടുത്ത സന്തോഷ് തോട്ടിങ്ങൽ, പുറംചിത്രം രൂപകല്പന ചെയ്ത ഹിരൺ വേണുഗോപാലൻ, ലേഖനങ്ങൾ തെരഞ്ഞെടുക്കുന്നതിൽ മുൻകൈയെടുത്തവർ എന്നിങ്ങനെ പലരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഇതൊരു യാഥാർത്ഥ്യമായത്. സമയക്കുറവും പല വിക്കിപീഡിയന്മാരുടെയും നിസ്സഹകരണവും മൂലം ഈ പദ്ധതി നടക്കുമോ എന്ന് പലതവണ സംശയം തോന്നിയിരുന്നെങ്കിലും ഒടുവിൽ ലക്ഷ്യത്തിലെത്താനായതിൽ സന്തോഷമുണ്ടെന്ന് ഷിജു പറഞ്ഞു. തെരഞ്ഞടുത്ത ലേഖനങ്ങളുടെ സിഡി പുതിയ വിക്കി ഉപയോക്താവായ ആനീസിന് കൈമാറിക്കൊണ്ട് ഐടി@സ്കൂൾ എക്സിക്യൂട്ടിവ് ഡയറക്ടർ അൻ‌വർ സാദത് പ്രകാശനം ചെയ്തു.

“വിവരസാങ്കേതികവിദ്യയും പ്രാദേശികതയും” എന്ന വിഷയത്തിൽ ഒരു സെമിനാർ സംഗമത്തിന്റെ അവസാനമായി നടന്നു. എല്ലാം പങ്കിടുന്ന ലോകം ഒരു ഉട്ടോപ്യൻ സ്വപ്നം മാത്രമാണെന്ന ധാരണ, അറിവ് സ്വതന്ത്രമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന
വിക്കിപീഡിയ പോലുള്ള സംരംഭങ്ങളിലൂടെ തിരുത്തപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് അൻ‌വർ സാദത് പറഞ്ഞു. എസ്.സി.ആർ.ടി. വികസിപ്പിച്ചെടുത്ത സ്കൂൾ പാഠപുസ്തകങ്ങൾ വിക്കിസംരംഭങ്ങളിൽ ലഭ്യമാക്കുന്നതിനേപ്പറ്റിയുള്ള ചർച്ചകൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. വിക്കിപീഡിയയെ കൂടുതൽ ജനകീയമാക്കുന്നതിനായി ഇത്തരം സംഗമങ്ങൾ ഇനിയും നടത്തണമെന്ന് നിർദ്ദേശിച്ച അദ്ദേഹം അതിനായി ഐടി@സ്കൂളിന്റെ എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുകയും ചെയ്തു.

സ്വതന്ത്ര സോഫ്റ്റ്വെയർ പ്രവർത്തകനും സ്പേസ് പ്രതിനിധിയുമായ വിമൽ ജോസഫ് അതിനുശേഷം സെമിനാറിൽ സംസാരിച്ചു. ഇന്നത്തെ സമൂഹത്തിൽ സ്വതന്ത്ര വിജ്ഞാനത്തിന്റെ പ്രസക്തി ഏറെയാണ്. മനുഷ്യജീവിതത്തിലെ അവിഭാജ്യഘടകമായി മാറിയ കമ്പ്യൂട്ടറിന്റെ വിവിധ ഘടകങ്ങളുടെ പ്രാദേശികവത്കരണത്തിലൂടെ സാധാരണക്കാരന് കൂടുതൽ അവസരവും അധികാരവും ലഭിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ലാഭേച്ഛയോടെ മാത്രം പ്രവർത്തിക്കുന്ന കുത്തക സോഫ്റ്റ്വെയർ കമ്പനികൾ ചെറുഭാഷകളെ ഗൗനിക്കുന്നില്ല. പ്രശസ്ത അനിമേറ്ററായ നീന പാലിയുടെ നേതൃത്വത്തിൽ സൃഷ്ടിക്കപ്പെട്ട “കോപ്പിയിങ് ഇസ് നോട്ട് തെഫ്റ്റ്” എന്ന ഗാനത്തിലൂടെ സ്വതന്ത്രസ്ഫ്റ്റ്വെയർ പ്രസ്ഥാനത്തിന്റെയും വിക്കിസംരംഭങ്ങളുടെയും പങ്കുവയ്ക്കൽ എന്ന അടിസ്ഥാനതത്വത്തെക്കുറിച്ച് അദ്ദേഹം വിവരിച്ചു. വിക്കിപീഡിയ സിസോപ്പായ സിദ്ധാർത്ഥനാണ് സെമിനാറിൽ അവസാനമായി സംസാരിച്ചത്.

സ്പേസിനെ പ്രതിനിധീകരിച്ചുകൊണ്ട് പ്രിൻസണും വിക്കിസമൂഹത്തെ പ്രതിനിധീകരിച്ചുകൊണ്ട് സുനിലും നന്ദിപ്രകാശനം നടത്തി. നിശ്ചയിച്ചപ്രകാരം വൈകിട്ട് അഞ്ചുമണിയോടടുത്തുതന്നെ വിക്കിസംഗമം സമാപിച്ചു.

ഇടതു നിന്ന്, നിൽക്കുന്നവർ: അറയിൽ പി ദാസ് (user:Arayilpdas), സുജിത് പ്രഭാകർ (user:Sahridayan), നവീൻ പി.എഫ്.(user:Naveenpf), ടിനു ചെറിയാൻ(user:Tinucherian), അനൂപ് നാരായണൻ (user:Anoopan) ഇരിക്കുന്നവർ:വി.എസ്. സുനിൽ(user:Vssn), ജിതേഷ് ഇ.ജെ.(user:Jithesh e j), സിദ്ധാർത്ഥൻ(user:Sidharthan), രമേഷ് എൻ.ജി.(user:Rameshng) തറപ്പാർട്ടീസ്: അനീഷ് ജോസ് (user:Anee jose), പ്രതീഷ് എസ്.(user:S.pratheesh), ഷിജു അലക്സ് (user:Shijualex), അഭിഷേക് ജേക്കബ് (user:Abhishek Jacob)

———————————–
മീറ്റ് നടന്നിട്ട് രണ്ടാഴ്ച കഴിഞ്ഞു. രണ്ടാഴ്ചയായി ഞാനിത് എഴുതുന്നു. മടി, ഉറക്കം തുടങ്ങിയ സാങ്കേതിക കാരണങ്ങളാൽ ഇപ്പോഴാണ് എഴുതി തീർക്കാൻ പറ്റിയത്.

കുതിരാനിൽ ഒരു പണ്ടാറം പിടിച്ച ബ്ലോക്കിൽ പെട്ടതിനാൽ 2 മണിക്കൂർ വൈകിയേ എനിക്ക് മീറ്റിനെത്താൻ കഴിഞ്ഞിരുന്നുള്ളൂ. അങ്ങനെ ആദ്യത്തെ രണ്ട് സെഷനുകൾ നഷ്ടമായി. റിപ്പോർട്ടെഴുതുക എന്ന ഉദ്ദേശത്തോടെ പിന്നീടുള്ള സെഷനുകളിലെല്ലാം ഞാൻ നോട്സ് കുറിച്ചെടുത്തിരുന്നു. വീട്ടിലെത്തീട്ട് വായിച്ച് നോക്കുമ്പോൾ ഒരു അന്തോം കുന്തോം പിടികിട്ടുന്നില്ല 😦 എന്റെ ഷോട്ട് ഹാന്റിന്റെ സ്റ്റാൻഡേഡ് അല്പം കൂടിപ്പോയെന്ന് തോന്നുന്നു.  പിന്നെ ഓർമയുടെയും ഭാവനയുടേയും സഹായത്താലാണ് ‘ഇന്നാര് ഇങ്ങനെ പറഞ്ഞു…അങ്ങനെ പറഞ്ഞു’ എന്നൊക്കെ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തങ്ങൾ പറയാത്ത എന്തെങ്കിലും കാര്യങ്ങൾ അരുടെയെങ്കിലും മേൽ ചുമത്തിയിട്ടുണ്ടേൽ അങ്ങ് ക്ഷമിച്ചുകള 🙂

പത്രവാർത്ത കണക്കിന് ഇത്രേം എഴുതിപ്പിടിപ്പിക്കാൻ കുറേ പാടുപെട്ടു. എഴുതിവരുമ്പോൾ പുട്ടിനിടയിൽ തേങ്ങാപ്പീരയിടും പോലെ ഇടക്കിടെ ഓരോ കൂത്തറത്തരം എഴുതിവക്കാൻ ഭയങ്കര പ്രലോഭനം!

ചിത്രങ്ങൾക്ക് കടപ്പാട്: അറയിൽ പി. ദാസ്, മഞ്ജിത് കൈനിക്കര, രഞ്ചിത് കെ. അവറാച്ചൻ

പോലുള്ള സംരംഭങ്ങളിലൂടെ

വിട വിട……

“അമ്മേ വേഗം തിന്നാൻ താ, ഇന്ന് അസംബ്ലിയൊള്ളതാ, ലേറ്റായാൽ…”…..ട്രിങ് ട്രിങ്…..”അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി…” …“അഭിഷേക് ഉമ്മൻ ജേക്കബ്” …. “ഹാജർ” …“സ്ഥാനാന്തരത്തിന്റെ നിരക്കിനെ പ്രവേഗം എന്ന്..”….“ഡാ, ഒടുക്കത്തെ വെശപ്പ്. ഒരു സമോസ വാങ്ങിത്താ”… “എന്താ അഭിഷേകേ മാർക്ക് കുറഞ്ഞത്? നീയും ഉഴപ്പാൻ..” …. “ഡേയ്, ലവള് കൊള്ളാല്ലോ! ഏത് ക്ലാസിലെയാ?”… “അസൈന്മെന്റ് നാളത്തന്നെ സ്ബ്മിറ്റ് ചെയ്തോണം. അല്ലെങ്കിൽ…”.. “ജനഗണമന….”…ട്രിങ്ട്രിങ്ട്രിങ്……..

പന്ത്രണ്ട് വർഷമായി ദിവസേന കേൾക്കുന്ന ശബ്ദങ്ങൾ. ഇനിയില്ല. അതെ, എന്റെ വിദ്യാലയജീവിതത്തിന് തിരശീല വീണിരിക്കുന്നു 🙂 പന്ത്രണ്ട് വർഷം ചടപടേന്നങ്ങ് പോയി. ഇനി ഞാനൊരു “ഉസ്കൂള് കുട്ടി” അല്ലെന്ന കാര്യം വിശ്വസിക്കാൻ പ്രയാസം.

സ്കൂളെന്നു പറഞ്ഞാൽ എനിക്കൊന്നേയുള്ളൂ. ബാസൽ ഇവാഞ്ചലിക്കൽ മിഷൻ സ്കൂൾ. ഒന്നു മുതൽ +2 വരെ അവിടെത്തന്നെ. നാലു വയസുള്ളപ്പൊൾ എന്നെ വീടിനടുത്തുള്ള ഒരു അംഗണവാടിയിൽ കൊണ്ടു ചേർത്തെങ്കിലും വെറും രണ്ടേ രണ്ട് ദിവസമേ അവിടുത്തെ അഭ്യാസം നീണ്ടുനിന്നുള്ളൂ. ഞാനാരാ മോൻ? മകൻ രണ്ട് വർഷം കഴിഞ്ഞ് സ്കൂളിൽ പോയാൽ മതിയെന്ന് വീട്ടുകാരേക്കൊണ്ട് ഞാൻ പറയിപ്പിച്ചു. അങ്ങനെ, ആറു വയസുള്ളപ്പോളാണ് എന്റെ ഔദ്യോഗിക വിദ്യാഭ്യാസം ആരംഭിക്കുന്നത്.

സ്കൂളിലെ ആദ്യ ദിനം, ഇന്നലെക്കഴിഞ്ഞതുപോലെ അതിപ്പോഴും മനസിലുണ്ട്. ഉവ്വോ? അതോ പലവർഷങ്ങളിലായി മലയാളം പരീക്ഷയിൽ വരുന്ന “നിങ്ങളുടെ ആദ്യ വിദ്യാലയ ദിനത്തേക്കുറിച്ച് ഒന്നരപ്പുറത്തിൽ കവിയാതെ എഴുതുക” എന്ന ചോദ്യത്തിന് ഉത്തരമായി എന്റെ മനസ് കെട്ടിച്ചമച്ചതാണോ? ആവൊ…

അന്ന് രാവിലെ മഴ പെയ്തിരുനെന്നാണ് ഓർമ. പെയ്തിരിക്കണം, അന്ന് പ്രകൃതിക്ക് ഇന്നത്തേപ്പോലെ കാലം തെറ്റിയിരുന്നില്ലല്ലോ. അച്ഛനാണ് സ്കൂളിൽ കൊണ്ട് വിട്ടത്. ഒന്നാം ക്ലാസ് ബി-യിലെ ആദ്യ ബെഞ്ചിൽ എന്നെ കൊണ്ടിരുത്തിയശേഷം അച്ഛൻ മടങ്ങിപ്പോയി.  പുറത്തുള്ളതിനേക്കാൾ ശക്തമായ മഴ ക്ലാസിനകത്ത്, കണ്ണീർ മഴ. “എനിച്ചമ്മേക്കാനനം” എന്നലറിക്കരയുന്ന കുട്ടികളെ സമാധാനിപ്പിക്കാൻ പാടുപെടുന്ന അധ്യാപകർ. കാലിൽ അള്ളിപ്പിടിച്ച് നിൽക്കുന്ന മക്കളുടെ പിടിവിടുവിക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾ. ഞാൻ കരഞ്ഞോ?  ഇല്ല. പുറത്തുചാടാൻ വെമ്പി നിൽക്കുന്ന കരച്ചിലിനെ കടിച്ചമർത്തിക്കൊണ്ട് നല്ല കുട്ടിയായി ഞാനിരുന്നു. ടീച്ചർ ഓരോരുത്തരോടായി പേരു ചോദിച്ചു. എന്റെ ഊഴം വന്നപ്പോൾ ഇടറിയ ശബ്ദത്തിൽ ഞാൻ പറഞ്ഞു ,”അബിസേക്..” എന്റെ മുഴുവൻ പേര് അന്നെനിക്കറിയില്ല. പിന്നെ…ടീച്ചർ ഒരു പാട്ട് പഠിപ്പിച്ചെന്ന് തോന്നുന്നു. എന്റെ ശ്രദ്ധ അതിലൊന്നുമായിരുന്നില്ല. ‘അച്ഛനെന്നെ ഇവിടെ കളഞ്ഞിട്ട് പോയതാണോ?‘ സ്കൂളിന്റെ മുറ്റത്ത് കണ്ണുംനട്ട് കുറേനേരമിരുന്നു. അതിനിടയിൽ എന്തൊക്കെ സംഭവിച്ചെന്ന് ഓർമയില്ല. ദൂരെ, അച്ഛനും ചേച്ചിയും നടന്ന് വരുന്നത് കണ്ടപ്പോഴാണ് സമാധാനമായത്. ബെല്ലടിച്ചതും ബാഗും തൂക്കി പുറത്തേക്കോടി. അന്ന് മുതൽ ഇന്നലെവരെ, ആ നീണ്ട മണിയടിക്കായി കാതോർത്തിരുന്ന ദിനങ്ങൾ, പന്ത്രണ്ട് വർഷങ്ങൾ.

നിറമിഴികളോടെയാണ് അവസാനമായി സ്കൂളിന്റെ പടികളിറങ്ങിയത്. സ്കൂളിനെ പിരിയുന്നതിലുള്ള ദുഃഖം കൊണ്ടൊന്നുമല്ല, അവസാനത്തെ പരീക്ഷ-കണക്ക്-ശരിക്കും കരയിപ്പിച്ച് കളഞ്ഞു ;( കണക്ക് മാത്രമല്ല, സബ്ജക്റ്റ് മൊത്തം കണക്കായിരുന്നു. പരീക്ഷയേപ്പറ്റി പറഞ്ഞ് തുടങ്ങിയാൽ ഇതൊരു കണ്ണീർ സീരിയലായിപ്പോകും. ആഹ്, പോയി തുലയട്ടെ. കഴിഞ്ഞത് കഴിഞ്ഞു. എക്സാം കുളമാക്കിയതിന്റെ കേട് തീർക്കാൻ അവസാനദിവസം കളറുപൊടിയും ഉജാലയും കൂട്ടിക്കുഴച്ച് കണ്ടവന്റെയെല്ലാം മുഖത്ത് വാരിത്തേച്ചു. ആകെപ്പാടെ ഒരു ഹോളി ആഘോഷിച്ചത് പോലെയുണ്ടായിരുന്നു. ഒടുവിൽ പൊലീസ് വന്ന് കണ്ണുരുട്ടിയപ്പോൾ ഞങ്ങൾ പയ്യെ സ്ഥലം കാലിയാക്കി.

സ്കൂൾ വിട്ട് പോകാൻ വിഷമമൊന്നുമില്ലെന്ന് ഒരു ജാഡക്ക് പറയാമെങ്കിലും,.. സത്യമതാണോ? പന്ത്രണ്ട് വർഷം വളരെ വലിയൊരു കാലയളവാണ്. ആ വിദ്യാലയം എന്റെ ജീവിതത്തിലെ പറിച്ച് മാറ്റാനാകാത്ത ഒരു ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. “പാലക്കാടിന്റെ ചെങ്കോട്ട” എന്റെ രണ്ടാം ഭവനമാണ്. അവിടെനിന്ന് ഞാൻ പലതും കണ്ടും കേട്ടും അനുഭവിച്ചും പഠിച്ചു. പുസ്തകത്തിലുള്ളതും ഇല്ലാത്തതും പഠിച്ചു. ഒന്നാം ക്ലാസിൽ കേട്ടെഴുത്തിൽ മൊട്ട വാങ്ങിച്ചപ്പോൾ ആഷ ടീച്ചർ തന്നതു മുതൽ +2-ൽ ഏതോ ഹൈഡ്രോകാർബണിന്റെ പേരു പറയാത്തതിന് കവിത ടീച്ചർ തന്നതുവരെയുള്ള നൂറ് നൂറായിരം ചൂരൽക്കഷായങ്ങൾ ഞാനൊരിക്കലും മറക്കില്ല. അവിടുത്തെ കല്ലും പുല്ലും, ബെഞ്ചും ഡെസ്കും, റേഷനരിയേക്കാൾ നാറുന്ന മൂത്രപ്പുരയും, അഞ്ച് പൈസക്ക് മിഠായി കിട്ടുന്ന കാന്റീനും അങ്ങനെയെല്ലാം…. എന്നുമെന്റെ മനസിന്റെ ഒരു കോണിലുണ്ടാകും. തീർച്ച…

ഇനിയുമെഴുതിയാൽ ഞാൻ ഭയങ്കര സെന്റിയായിപ്പോകും. നിർത്തട്ടെ. എന്റെ പൊന്നാര മിഷൻ സ്കൂളെ…വിട…