മന്ത്രിസഭ

മുഖ്യമന്ത്രി രണ്ട്, ഉപമുഖ്യമന്ത്രി നാല്.

റോഡ് മന്ത്രി, കെ.എസ്.ആര്‍.ടി.സി മന്ത്രി, പ്രൈവറ്റ് ബസ് മന്ത്രി, ടാക്സി മന്ത്രി…

പച്ചക്കറി മന്ത്രി, കോഴി മന്ത്രി, ബീഫ് മന്ത്രി, മട്ടന്‍ മന്ത്രി, ഐസ്ക്രീം മന്ത്രി…

അംഗണവാടി മന്ത്രി, ഹൈസ്കൂള്‍ മന്ത്രി, ബി.ടെക് മന്ത്രി, എം.ബി.ബി.എസ്. മന്ത്രി, ആര്‍ട്സ് ആന്റ് സയന്‍സ് മന്ത്രി…

നെല്‍ക്കൃഷി മന്ത്രി, മാങ്ങാക്കൃഷി മന്ത്രി, തേങ്ങാക്കൃഷി മന്ത്രി, ചക്കകൃഷി മന്ത്രി….

നായര് ക്ഷേമ മന്ത്രി, എസ്.എന്‍.ഡി.പി ക്ഷേമ മന്ത്രി, പുലയ ക്ഷേമ മന്ത്രി, അച്ചായന്‍ ക്ഷേമ മന്ത്രി, മാപ്പിള ക്ഷേമ മന്ത്രി, നിരീശ്വരവാദി ക്ഷേമ മന്ത്രി….

പിന്നെ ഈ പത്തറുപത് മന്ത്രിമാരുടെ ക്ഷേമം നോക്കാന്‍ ഒരു മന്ത്രിക്ഷേമ മന്ത്രി.

യു.ഡി.എഫിനു 5 വര്‍ഷം തികച്ചു ഭരിക്കാന്‍ മറ്റൊരു മാര്‍ഗ്ഗവും കാണുന്നില്ല!

Advertisements

അമേരിക്ക

അമേരിക്ക തന്നു, അമേരിക്ക എടുത്തു, അമേരിക്കയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ.

ആമേന്‍!

കടപ്പാട്: സത്യവേദപുസ്തകം, ഇയ്യോബ്: 1-ആം അദ്ധ്യായം, 21-ആം വാക്യം.

വിജ്ഞാനത്തിന്റെ പത്താം സ്വാതന്ത്ര്യദിനം

2001 ജൂണ്‍ 15-ന് ആരംഭിച്ച ഒരു സ്വാതന്ത്ര്യസമരം. പൊടിപിടിച്ച പുസ്തക വിജ്ഞാനകോശങ്ങളില്‍ നിന്ന് അറിവിനെ സ്വതന്ത്രമാക്കുന്നതിനുള്ള സമരം. അറിവ് പങ്കുവയ്ക്കുന്നത് പുണ്യമായി കരുതിയ അനേകര്‍ അതിന്റെ കുത്തകവല്‍ക്കരണത്തിനെതിരെ നടത്തിയ സമരം. എതിര്‍പ്പുകള്‍, വിവാദങ്ങള്‍, സാമ്പത്തിക പ്രതിസന്ധികള്‍. ഒടുവില്‍ സമരം വിജയിച്ചുവോ? ഉവ്വ്, എന്നാല്‍ അതിന്നും തുടരുന്നു.

“Imagine a world in which every single person on the planet is given free access to the sum of all human knowledge.”

Jimmy Wales, Co-founder of Wikipedia

ആ ലോകം ലക്ഷ്യം വച്ചുകൊണ്ട് തുടങ്ങിയ സ്വാതന്ത്ര്യസമരം പത്താം വര്‍ഷത്തിലേക്ക്. അതെ, ഇന്ന് വിക്കിപീഡിയയുടെ പത്താം ജന്മദിനം!

ഈ മഹാ സം‌രംഭത്തില്‍ ചെറിയരീതിയിലെങ്കിലും പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ വളരെ അഭിമാനമുണ്ട്. കേരളത്തില്‍ അഞ്ചിടങ്ങളിലായി ആഘോഷപരിപാടികള്‍ നടക്കുന്നുവെങ്കിലും അവയില്‍ പങ്കെടുക്കാന്‍ പറ്റാത്തതില്‍ ദുഃഖവും. ബെര്‍ത്ത്ഡേ പാര്‍ടിക്ക് വരാതിരുന്നതില്‍ വിക്കിക്കുള്ള പരിഭവം തീര്‍ക്കാന്‍ ഒരു എന്റെ വക ഒരു കൊച്ചു സമ്മാനം. ഞാനെടുത്ത 10 ചിത്രങ്ങള്‍, (പൂവ്, കായ, പാറ്റ, പൂമ്പാറ്റ അങ്ങനെയങ്ങനെ..) ക്രിയേറ്റീവ് കോമണ്‍സ് സ്വതന്ത്ര ലൈസന്‍സില്‍ വിക്കിമീഡിയ കോമണ്‍സിലേക്ക് അപ്‌ലോഡ് ചെയ്യുന്നു.

വിക്കിപീഡിയയ്ക്ക് പത്താം ജന്മദിനാശംസകള്‍ 🙂

 

 

 

 

ലീഡര്‍

ലീഡറുടെ ഭരണകാലത്തെ ചെയ്തികള്‍ മുന്‍നിര്‍ത്തി അദ്ദേഹത്തെ തെറി പറയാന്‍ ഞാനൊരു രാഷ്ട്രീയ നിരീക്ഷകനല്ല. മരിച്ച് പോയെന്ന കാരണം കൊണ്ട് മാത്രം ഒരാളെ പൊക്കിപ്പറയാനും എനിക്ക് താത്പര്യമില്ല.

വാര്‍ത്താമാദ്ധ്യമങ്ങളില്‍ ഞാന്‍ ലീഡറെ ശ്രദ്ധിച്ചുതുടങ്ങിയ കാലം മുതല്‍ അദ്ദേഹം ആശുപത്രികളില്‍ കയറിയിറങ്ങുകയാണ്. സ്ഥിതി പലപ്പോഴും “ഗുരുതരവും” “അതീവ ഗുരുതരവും” അതിനപ്പുറത്തേക്കും പോയി. എന്നാല്‍ ഓരോതവണയും പൂര്‍‌വ്വാധികം ശക്തിയോടെ അദ്ദേഹം കിടക്കവിട്ടെഴുന്നേറ്റു. “മരണത്തെ ജയിച്ചവന്റെ ‍” ചിത്രമായിരുന്നു എന്റെ മനസ്സില്‍ അദ്ദേഹത്തിന്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. ഒരുതരം ഭയമാണ് വാര്‍ത്ത കേട്ടപ്പോളുണ്ടായത്. “കെ. കരുണാകരന്‍ മരിച്ചിട്ടില്ല: തെറ്റായ വാര്‍ത്തയില്‍ ഖേദിക്കുന്നു” എന്നൊരു വാര്‍ത്ത ഇപ്പോഴും പ്രതീക്ഷിക്കുന്നു.